ലാരിജാനിയുടെ പിൻഗാമിയെ പ്രഖ്യാപിച്ച് ഇറാൻ
ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനിയുടെ പിൻഗാമിയെ പ്രഖ്യാപിച്ചു. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായി മുഹമ്മദ് ബാഗെർ സൊൽഖാദ്റിനെയാണ് നിയമിച്ചത്. ഇറാൻ സർക്കാരിനെ ഉദ്ധരിച്ച് സ്റ്റേറ്റ് മീഡിയകളാണ് റിപ്പോർട്ട് ചെയ്തത്.
അലി ലാരിജാനി കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിലാണ് ഇറാൻ അദ്ദേഹത്തിന്റെ പിൻഗാമിയെ പ്രഖ്യാപിക്കുന്നത്. ഐആർജിസിയുടെ (Islamic Revolutionary Guard Corps) മുൻ കമ്മാൻഡറായിരുന്നു മുഹമ്മദ് ബാഗെർ സൊൽഖാദ്ർ. നിലവിൽ ഇറാൻ കാര്യനിർവ്വഹണ കൗൺസിൽ സെക്രട്ടറിയായി സേവനമനുഷ്ടിച്ചു വരികയായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ അലി ലാരിജാനിയുടെ പിൻഗാമിയായി തിരഞ്ഞെടുക്കുന്നത്.
1980-കളിൽ ഐആർജിസിയുടെ വിദ്യാഭ്യാസ വകുപ്പിന്റെ തലവനായിരുന്നു സൊൽഖാദ്ർ. ഐആർജിസിയുടെ ആസ്ഥാനത്തെ യുദ്ധ സംബന്ധിയായ വിഷയങ്ങളിലും അദ്ദേഹം ഇടപെട്ടിരുന്നു. 2007ൽ ഇറാനിയൻ സായുധ സേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് ജനറൽ സ്റ്റാഫായി അദ്ദേഹത്തെ നിയോഗിച്ചു. 2012ൽ തന്ത്രപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ജുഡീഷ്യറിയുടെ ഡെപ്യൂട്ടി ചീഫ് ആയി നിയമിച്ചു.
നിലവിൽ രാജ്യത്തിന്റെ പ്രതിരോധം, ആണവ- വിദേശനയതന്ത്ര രൂപീകരണം തുടങ്ങിയവയായിരിക്കും അദ്ദേഹത്തിന്റെ ഉത്തരവാദിത്വം. ടെഹ്റാൻ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ അദ്ദേഹം ബിരുദം നേടിയിട്ടുണ്ട്.
ടെഹ്റാനിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലായിരുന്നു അലി ലാരിജാനി കൊല്ലപ്പെട്ടത്. സംഘർഷത്തിന്റെ തുടക്കത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനേയി അടക്കമുള്ള പ്രമുഖ നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ അലി ലാരിജാനിയും കൊല്ലപ്പെട്ടത് ഇറാന് കനത്ത ആഘാതമേൽപ്പിച്ചിരുന്നു. എന്നാൽ ഇസ്രായേലിലും യുഎസ് വ്യോമകേന്ദ്രങ്ങളിലും ഇറാൻ ശക്തമായി ആക്രമണം തുടർന്നിരുന്നു. ഹോർമൂസ് കടലിടുക്ക് അടക്കുന്നതിലേക്കടക്കം ഇറാൻ കടന്നതോടെ ആഗോള തലത്തിൽ തന്നെ പ്രതിസന്ധി ഉയരുകയും ചെയ്തു.
