ഹോർമുസ് കടലിടുക്കിൽ പുതിയ കപ്പൽ പാത പ്രഖ്യാപിച്ച് ഇറാൻ; നിയന്ത്രണം കടുപ്പിച്ചു വിപ്ലവസേന
വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരത്തിന് പുതിയ നിർദ്ദേശങ്ങളുമായി ഇറാന്റെ വിപ്ലവസേന (IRGC). കടലിന്റെ മധ്യഭാഗത്ത് മൈനുകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ ഇറാൻ തീരത്തോട് ചേർന്നുള്ള വടക്കൻ പാതയിലൂടെ മാത്രമേ കപ്പലുകൾ സഞ്ചരിക്കാവൂ എന്ന് ഐആർജിസി പുറത്തിറക്കിയ പുതിയ മാപ്പിൽ വ്യക്തമാക്കുന്നു. യുദ്ധം പൂർണ്ണമായി അവസാനിക്കുന്നത് വരെ ഈ ബോംബുകൾ നീക്കം ചെയ്യില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിലവിൽ ഇറാൻ നാവികസേനയുടെ പ്രത്യേക അനുമതിയോടും ഏകോപനത്തോടും കൂടി മാത്രമാണ് കപ്പലുകൾക്ക് ഈ മേഖലയിലൂടെ നീങ്ങാൻ സാധിക്കുന്നത്. നേരത്തെ ഒമാൻ തീരത്തോട് ചേർന്നുള്ള റൂട്ട് ഉപയോഗിച്ചിരുന്ന ടാങ്കറുകൾ ഉൾപ്പെടെയുള്ള വലിയ കപ്പലുകൾ ഇനി മുതൽ ഇറാന്റെ നിയന്ത്രണത്തിലുള്ള വടക്കൻ പാതയിലേക്ക് മാറണം. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ പാത ഉപയോഗിക്കുന്നതിന് കപ്പലുകൾ പ്രത്യേക ഫീസ് നൽകേണ്ടി വരുമെന്നും സൂചനയുണ്ട്. ഇതോടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതകളിൽ ഒന്നായ ഹോർമുസിൽ ഇറാന്റെ സ്വാധീനം കൂടുതൽ ശക്തമാകും.
ഹോർമുസ് വഴി സ്വതന്ത്രമായ യാത്ര ഉറപ്പാക്കണമെന്ന് ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെട്ടെങ്കിലും, തന്ത്രപരമായ മുൻതൂക്കം നിലനിർത്താൻ കടൽബോംബുകൾ നിലനിർത്താനാണ് ഇറാന്റെ നീക്കം. നഷ്ടപരിഹാരം, യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുന്ന ഇറാൻ, ഇവയെ ഒരു വിലപേശൽ ഉപാധിയായി ഉപയോഗിക്കുകയാണ്. കപ്പലുകളുടെ ചലനം പൂർണ്ണമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കുന്ന ഈ പുതിയ മാറ്റം ആഗോള വിപണിയിലും ചരക്ക് നീക്കത്തിലും വലിയ ചലനങ്ങൾ ഉണ്ടാക്കിയേക്കാം.
