ഇറാൻ ആക്രമണം: നഷ്ടപരിഹാരം വേണമെന്ന് ഖത്തർ

  1. Home
  2. International

ഇറാൻ ആക്രമണം: നഷ്ടപരിഹാരം വേണമെന്ന് ഖത്തർ

qatar


ഇറാൻ നടത്തിയ തുടർച്ചയായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ കടുത്ത പ്രതിഷേധവുമായി ഖത്തർ ഐക്യരാഷ്ട്രസഭയെ സമീപിച്ചു. ആക്രമണങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് അന്താരാഷ്ട്ര നിയമപ്രകാരം ഇറാൻ നഷ്ടപരിഹാരം നൽകണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനും യുഎൻ രക്ഷാസമിതിക്കും നൽകിയ ഔദ്യോഗിക കത്തിലാണ് ഖത്തർ ഈ ആവശ്യം ഉന്നയിച്ചത്. ഇറാന്റെ നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് ഖത്തർ കുറ്റപ്പെടുത്തി. നാശനഷ്ടങ്ങൾ വിലയിരുത്താൻ ഒരു അന്താരാഷ്ട്ര സമിതി രൂപീകരിക്കണമെന്നും ഖത്തർ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

മാർച്ച് 28 മുതൽ ഖത്തറിന് നേരെ ഇറാൻ തുടർച്ചയായ ആക്രമണങ്ങളാണ് നടത്തിവരുന്നത്. ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചുള്ള ഈ നീക്കങ്ങളെ ഖത്തർ സായുധ സേന ഫലപ്രദമായി പ്രതിരോധിച്ചെങ്കിലും, ഖത്തർ എനർജിയുടെ നിയന്ത്രണത്തിലുള്ള 'അക്വ വൺ' (Aqua One) എന്ന എണ്ണ ടാങ്കറിൽ ഒരു മിസൈൽ പതിച്ചതായി ഖത്തർ വ്യക്തമാക്കി. അയൽരാജ്യങ്ങളെ ആക്രമിക്കരുതെന്ന യുഎൻ പ്രമേയങ്ങളെ കാറ്റിൽ പറത്തിയാണ് ഇറാന്റെ ഈ കടന്നുകയറ്റം. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വച്ചുള്ള ഇത്തരം നീക്കങ്ങൾ ജനീവ കൺവൻഷൻ അംഗീകരിച്ച നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഖത്തർ ചൂണ്ടിക്കാട്ടി.

ഇറാന്റെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഖത്തർ യുഎന്നിന് നൽകുന്ന പത്താമത്തെ കത്താണിത്. യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം ഒരു രാജ്യത്തിന് സ്വയം പ്രതിരോധിക്കാനുള്ള പൂർണ്ണ അവകാശമുണ്ടെന്ന് ഖത്തർ ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ ഏത് കർശന നടപടിയും കൈക്കൊള്ളാൻ മടിക്കില്ലെന്നും ഖത്തർ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിൽ സമാധാനം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഐക്യരാഷ്ട്രസഭ എത്രയും വേഗം നിറവേറ്റണമെന്നും ദോഹ ആവശ്യപ്പെട്ടു.