കുവൈത്തിൽ വൈദ്യുതി നിലയത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം; പ്ലാന്റിൽ തീപിടിത്തം, അടിയന്തര നടപടികളുമായി മന്ത്രാലയം
തുടർച്ചയായ രണ്ടാം ദിവസവും കുവൈത്തിലെ തന്ത്രപ്രധാനമായ വൈദ്യുതി ഉൽപാദന-ജലശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാന്റെ വ്യോമാക്രമണം. ആക്രമണത്തെ തുടർന്ന് പ്ലാന്റിന്റെ ചില ഭാഗങ്ങളിൽ വൻ തീപിടിത്തമുണ്ടാവുകയും നിരവധി വൈദ്യുതി ഉൽപാദന യൂണിറ്റുകൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി കുവൈത്ത് വൈദ്യുതി, ജല പുനരുപയോഗ ഊർജ്ജ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ ദേശീയ വൈദ്യുതി ശൃംഖലയുടെ (National Grid) സ്ഥിരത നിലനിർത്താനുള്ള അടിയന്തര പ്രതികരണ നടപടികൾ രാജ്യം ആരംഭിച്ചിട്ടുണ്ട്. ജനറൽ ഫയർ ഫോഴ്‌സ് സംഘങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. സാങ്കേതിക-അടിയന്തര വിഭാഗങ്ങൾ പ്ലാന്റിലെ നാശനഷ്ടങ്ങൾ വിലയിരുത്തുകയും പുനഃസ്ഥാപന പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കുകയും ചെയ്തു. കേടുപാടുകൾ സംഭവിച്ച യൂണിറ്റുകൾ എത്രയും വേഗം പ്രവർത്തനക്ഷമമാക്കാനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
രാജ്യത്തെ വൈദ്യുതി, ജല സേവനങ്ങളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാൻ തങ്ങളുടെ സാങ്കേതിക വിഭാഗങ്ങൾ 24 മണിക്കൂറും രംഗത്തുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത്, അനാവശ്യമായ വൈദ്യുതി ഉപഭോഗം പരമാവധി മിതപ്പെടുത്തി മന്ത്രാലയത്തോട് സഹകരിക്കണമെന്ന് അധികൃതർ സ്വദേശികളായ പൗരന്മാരോടും വിദേശി താമസക്കാരോടും അഭ്യർത്ഥിച്ചു.
ഞായറാഴ്ച രാവിലെയും കുവൈത്തിനെ ലക്ഷ്യമാക്കി ഇറാന്റെ ഭാഗത്തുനിന്ന് കടുത്ത ആക്രമണശ്രമമുണ്ടായിരുന്നു. എന്നാൽ രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ എത്തിയ ശത്രുക്കളുടെ റോക്കറ്റുകളും ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിജയകരമായി തകർത്തതായി കുവൈത്ത് സൈന്യം അറിയിച്ചു. ശനിയാഴ്ചയും കുവൈത്തിന് നേരെ തുടർച്ചയായ ആക്രമണങ്ങൾ നടന്നിരുന്നു. ജല-വൈദ്യുതി പ്ലാന്റിനും എണ്ണ ഉൽപാദന കേന്ദ്രത്തിനും നേരെയുണ്ടായ ശനിയാഴ്ചത്തെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും വലിയ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച സൈനിക ക്യാമ്പുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഏതാനും സൈനികർക്കും പരിക്കേറ്റിരുന്നു.
