വ്യോമപാത അടച്ച് ഇറാൻ; യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി എയർഇന്ത്യയും ഇൻഡിഗോയും

  1. Home
  2. International

വ്യോമപാത അടച്ച് ഇറാൻ; യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി എയർഇന്ത്യയും ഇൻഡിഗോയും

iran


ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭം ആളിപ്പടരുന്നതിനിടയിൽ രാജ്യം വ്യോമപാത അടച്ചു. അമേരിക്കൻ ഇടപെടലുണ്ടാകുമെന്ന ഭീഷണിയും മേഖലയിലെ സംഘർഷാവസ്ഥയും കണക്കിലെടുത്താണ് ഇറാൻ വ്യാഴാഴ്ച രാവിലെ മുതൽ വ്യോമപാത അടച്ചത്. ആദ്യം രണ്ട് മണിക്കൂർ നേരത്തേക്ക് മാത്രം പ്രഖ്യാപിച്ച നിയന്ത്രണം പിന്നീട് അനിശ്ചിതകാലത്തേക്ക് നീട്ടുകയായിരുന്നു. ഇതോടെ പശ്ചിമേഷ്യൻ മേഖലയിലെ വ്യോമഗതാഗതം പൂർണ്ണമായും താറുമാറായി.

ഇറാൻ വ്യോമപാത അടച്ചതോടെ എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികൾ യാത്രക്കാർക്ക് അടിയന്തര മുന്നറിയിപ്പ് നൽകി. ഇറാൻ വഴിയുള്ള അന്താരാഷ്ട്ര സർവീസുകൾ പലതും വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. വ്യോമപാത ഒഴിവാക്കി മറ്റ് റൂട്ടുകളിലൂടെ വിമാനങ്ങൾ പറക്കുന്നതിനാൽ യാത്രയ്ക്ക് കൂടുതൽ സമയമെടുക്കുമെന്നും സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു. സുരക്ഷ മുൻനിർത്തി വഴിതിരിച്ചുവിടാൻ കഴിയാത്ത സർവീസുകൾ റദ്ദാക്കാനാണ് കമ്പനികളുടെ തീരുമാനം.

യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുൻപ് വിമാനങ്ങളുടെ സ്റ്റാറ്റസ് ഓൺലൈൻ വഴി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് ഇൻഡിഗോയും സ്പൈസ് ജെറ്റും വ്യക്തമാക്കി. ഇറാനിലെ ആഭ്യന്തര പ്രശ്നങ്ങൾ ആഗോള വ്യോമഗതാഗതത്തെ ബാധിക്കുന്നത് പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.