ലെബനാനിലെ ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ
ലെബനാനിൽ ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയതിന് പിന്നാലെ ആഗോള കപ്പൽപ്പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ. തെക്കൻ ലെബനാനിൽ ഇസ്രായേൽ നടത്തിയ പുതിയ ആക്രമണങ്ങളിൽ 32 പേർ കൂടി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഇറാന്റെ അടിയന്തര നടപടി. ഇതോടെ ഇറാൻ-യുഎസ് ധാരണാപത്രത്തിന് ശേഷം മാത്രം ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ലെബനൻ സ്വദേശികളുടെ എണ്ണം 47 ആയി. ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിൽ നാല് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതാണ് ഇസ്രായേലിനെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ട്.
കരാർ വ്യവസ്ഥകൾ ലംഘിച്ച് ശത്രുരാജ്യം പ്രകോപനവുമായി മുന്നോട്ട് പോവുകയാണെങ്കിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഇറാന്റെ പ്രതിരോധ വിഭാഗമായ ഖത്തം അൽ അൻബിയ ഹെഡ്ക്വാട്ടേഴ്സ് വ്യക്തമാക്കി. തങ്ങളുടെ അനുമതിയില്ലാതെ കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കരുതെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും (IRGC) മുന്നറിയിപ്പ് നൽകി. ലെബനാനിലെ യുദ്ധം അവസാനിപ്പിക്കേണ്ട ചുമതല അമേരിക്കയ്ക്കായിരുന്നുവെന്നും, അതിൽ പരാജയപ്പെട്ട യുഎസ് ആണ് കരാർ ലംഘിച്ചതെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കുറ്റപ്പെടുത്തി.
അതേസമയം, മേഖലയിലെ സമാധാന ശ്രമങ്ങൾ തകർക്കാതിരിക്കാൻ ഇരുരാജ്യങ്ങളും ചർച്ച തുടരണമെന്ന് യുഎസ് ആവശ്യപ്പെട്ടു. സ്വിറ്റ്‌സർലൻഡിൽ നടക്കുന്ന സമാധാന ചർച്ചകളിൽ ഇറാൻ പ്രതിനിധികൾ പങ്കെടുക്കണമെന്ന് യുഎസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കുന്ന പാക് ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്വി നിലവിൽ തെഹ്റാനിലെത്തി ഇറാൻ ഭരണനേതൃത്വവുമായി നിർണായക ചർച്ചകൾ നടത്തിവരികയാണ്.
