ഹോർമുസിൽ ഇന്ത്യൻ എണ്ണക്കപ്പലിന് നേരെ ഇറാൻ വെടിയുതിർത്തു

  1. Home
  2. International

ഹോർമുസിൽ ഇന്ത്യൻ എണ്ണക്കപ്പലിന് നേരെ ഇറാൻ വെടിയുതിർത്തു

strait of hormuz


തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ വെച്ച് ഇന്ത്യൻ എണ്ണക്കപ്പലായ 'ജഗ് അർണവിന്' (Jag Arnav) നേരെ ഇറാന്റെ റെവല്യൂഷണറി ഗാർഡുകൾ വെടിയുതിർത്തു. ഏകദേശം 20 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി പോവുകയായിരുന്നു ഈ സൂപ്പർ ടാങ്കർ. ആക്രമണത്തിൽ കപ്പലിലെ ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നും കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഒമാൻ തീരത്തുനിന്ന് 20 നോട്ടിക്കൽ മൈൽ അകലെ വെച്ച് ഇറാന്റെ രണ്ട് ഗൺബോട്ടുകൾ കപ്പലിന് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സ്ഥിരീകരിച്ചു. ഇറാഖിൽ നിന്നുള്ള എണ്ണയുമായി വരികയായിരുന്ന ജഗ് അർണവിനൊപ്പം 'സൻമാർ ഹെറാൾഡ്' എന്ന മറ്റൊരു ഇന്ത്യൻ കപ്പലും മേഖലയിൽ ഉണ്ടായിരുന്നു. ആക്രമണത്തെത്തുടർന്ന് രണ്ട് കപ്പലുകളും യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങി.

അന്താരാഷ്ട്ര തലത്തിൽ തങ്ങൾ നേരിടുന്ന ഉപരോധങ്ങൾക്കും സമ്മർദ്ദങ്ങൾക്കും മറുപടിയായി കടൽപ്പാതയിൽ 'കർശന നിരീക്ഷണം' ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഇറാൻ വക്താക്കൾ അവകാശപ്പെടുന്നു. യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കുന്നത് വരെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടയുന്നത് തുടരുമെന്ന് ഇറാന്റെ സംയുക്ത സൈനിക കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. കടലിടുക്കിന്റെ നിയന്ത്രണം പൂർണ്ണമായും തങ്ങളുടെ സായുധ സേനയുടെ കീഴിലാണെന്നും മുൻപത്തെ അവസ്ഥയിലേക്ക് കാര്യങ്ങൾ മടങ്ങി വന്നതായും ഇറാൻ പ്രഖ്യാപിച്ചു.

ഇറാൻ കടലിടുക്ക് തുറന്നു കൊടുക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നെങ്കിലും, ഉപരോധം തുടരുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാൻ നിലപാട് കടുപ്പിച്ചത്. ഇറാന്റെ പുതിയ നീക്കത്തെത്തുടർന്ന് ഹോർമുസ് വഴി കടന്നുപോകാൻ ശ്രമിച്ച പത്തോളം കപ്പലുകൾ ശനിയാഴ്ച തിരിച്ചുപോയതായി റിപ്പോർട്ടുകളുണ്ട്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന പാതയായതിനാൽ, ഹോർമുസിലെ ഈ സംഘർഷാവസ്ഥ ആഗോള എണ്ണവിലയെയും വിതരണത്തെയും വീണ്ടും പ്രതിസന്ധിയിലാക്കും. ഇന്ത്യൻ നാവികസേന മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.