ജോർദാനിൽ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ മിസൈലാക്രമണം; രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടു

  1. Home
  2. International

ജോർദാനിൽ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ മിസൈലാക്രമണം; രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടു

jordan


ജോർദാനിൽ ഇറാൻ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈൽ - ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഒരു സൈനികനെ കാണാതായതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ഔദ്യോഗികമായി അറിയിച്ചു. നാല് സൈനികർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതോടെ മേഖലയിൽ നിലവിലെ സംഘർഷം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ട ആകെ യുഎസ് സൈനികരുടെ എണ്ണം 16 ആയി ഉയർന്നു. 430 ലധികം സൈനികർക്ക് ഇതുവരെ വിവിധയിടങ്ങളിലായി പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വെള്ളിയാഴ്ചയാണ് ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. പങ്കാളിത്ത രാജ്യങ്ങളുടെ വ്യോമപ്രതിരോധ സൈന്യവുമായി ചേർന്ന് ഇറാന്റെ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുന്നതിനിടയിലാണ് രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടതെന്ന് പെന്റഗൺ അറിയിച്ചു.

പരിക്കേറ്റ നാല് സൈനികരെ ജോർദാനിലെ സൈനിക ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ ഡിസ്ചാർജ് ചെയ്തു. നിസ്സാര പരിക്കേറ്റ മറ്റ് ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങൾ സൈനിക പ്രോട്ടോക്കോൾ അനുസരിച്ച് ബന്ധുക്കളെ ഔദ്യോഗികമായി അറിയിച്ചതിന് ശേഷം മാത്രമേ പുറത്തുവിടുകയുള്ളൂവെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ തങ്ങളുടെ സൈനിക താവളങ്ങളിൽ യുഎസ് സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.