ഇറാൻ സൈന്യത്തിന് രഹസ്യങ്ങൾ ചോർത്തി നൽകി; ബഹ്‌റൈനിൽ യുവതിക്ക് ജീവപര്യന്തം തടവ്
ഇറാനിയൻ റവല്യൂഷണറി ഗാർഡ് കോർപ്സിന് (IRGC) രാജ്യത്തിന്റെ സുപ്രധാന വിവരങ്ങൾ ചോർത്തി നൽകിയ യുവതിക്ക് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ബഹ്‌റൈനിലെ സൈനിക, സാമ്പത്തിക കേന്ദ്രങ്ങളുടെ ചിത്രങ്ങളും ലൊക്കേഷൻ വിവരങ്ങളും സോഷ്യൽ മീഡിയ വഴി ഇറാനിയൻ ഏജൻസികൾക്ക് കൈമാറി എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം.
രാജ്യത്തിന്റെ സൈനികവും സാമ്പത്തികവുമായ സുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യമായ വിവരങ്ങൾ ശത്രുതാപരമായ നീക്കങ്ങൾക്കായി ഇവർ ശേഖരിച്ചതായി കോടതി കണ്ടെത്തി. രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന രീതിയിലുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാനും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കാനും ഇവർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ചതായും അന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൂടാതെ, ബഹ്‌റൈനെതിരായ ഇറാനിയൻ അധിനിവേശത്തെ പ്രകീർത്തിക്കുന്ന പ്രവർത്തനങ്ങളിലും ഇവർ ഏർപ്പെട്ടിരുന്നു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ, ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള സൈബർ ക്രൈം യൂണിറ്റാണ് ഈ ഗൂഢാലോചന പുറത്തുകൊണ്ടുവന്നത്. സോഷ്യൽ മീഡിയയിലെ സംശയാസ്പദമായ നീക്കങ്ങൾ നിരീക്ഷിച്ച ഉദ്യോഗസ്ഥർ വിവരങ്ങൾ ചോർത്തുന്ന അക്കൗണ്ട് കണ്ടെത്തുകയായിരുന്നു. പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് ബഹ്‌റൈൻ അധികൃതർ മുന്നറിയിപ്പ് നൽകി.
