ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; യുഎസ് ഉപരോധം നീക്കിയില്ലെങ്കിൽ ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് മുന്നറിയിപ്പ്

  1. Home
  2. International

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; യുഎസ് ഉപരോധം നീക്കിയില്ലെങ്കിൽ ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് മുന്നറിയിപ്പ്

hormus


തുറന്നുകൊടുത്ത് 24 മണിക്കൂർ തികയുന്നതിന് മുൻപ് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. അമേരിക്കയുടെ വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്ന് ഇറാൻ വിശദീകരിച്ചു. ഇറാനുമേൽ ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട ഇറാൻ, അല്ലാത്തപക്ഷം രണ്ടാംഘട്ട സമാധാന ചർച്ചകളിൽ നിന്ന് പിന്മാറുമെന്നും മുന്നറിയിപ്പ് നൽകി. 'വരണ്ട ചർച്ചകൾക്കായി സമയം കളയാനില്ല' എന്ന നിലപാട് മധ്യസ്ഥത വഹിക്കുന്ന പാകിസ്താനെ ഇറാൻ ഔദ്യോഗികമായി അറിയിച്ചു.

ഹോർമുസ് കടലിടുക്ക് പൂർവ്വസ്ഥിതിയിലേക്ക് (അടച്ചിട്ട നിലയിലേക്ക്) മടങ്ങുകയാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) പ്രഖ്യാപിച്ചു. ഉപരോധത്തിന്റെ മറവിൽ യുഎസ് നടത്തുന്നത് കടൽക്കൊള്ളയാണെന്നും ഇതിൽ പ്രതിഷേധിച്ചാണ് പുതിയ നടപടിയെന്നും ഐആർജിസി ആരോപിച്ചു. ഇനി മുതൽ കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ സായുധ സേനയുടെ കർശന നിയന്ത്രണത്തിലായിരിക്കും. ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം യുഎസ് അനുവദിക്കുന്നത് വരെ ഹോർമുസിലെ നിയന്ത്രണം തുടരുമെന്ന് ജോയിന്റ് മിലിറ്ററി കമാൻഡ് വ്യക്തമാക്കി.

ലെബനാനിൽ വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ ഇന്നലെയാണ് ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നത്. എന്നാൽ, ഹോർമുസ് തുറന്നാലും ഇറാന് മേലുള്ള സൈനിക ഉപരോധം തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതാണ് ഇറാനെ ചൊടിപ്പിച്ചത്. അന്താരാഷ്ട്ര ഊർജ്ജ ഗതാഗതത്തിൽ അതിനിർണ്ണായകമായ ഹോർമുസ് വീണ്ടും അടയ്ക്കുന്നത് ആഗോള തലത്തിൽ വലിയ പ്രതിസന്ധിക്ക് കാരണമാകും. ഇന്നലെ കടലിടുക്ക് തുറന്നപ്പോൾ എണ്ണവിലയിൽ ഇടിവുണ്ടാവുകയും ഓഹരി വിപണികളിൽ മുന്നേറ്റമുണ്ടാവുകയും ചെയ്തിരുന്നു.