യുഎസ് വെടിനിർത്തൽ നിർദ്ദേശം തള്ളി ഇറാൻ; യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കണമെന്ന് ആവശ്യം

  1. Home
  2. International

യുഎസ് വെടിനിർത്തൽ നിർദ്ദേശം തള്ളി ഇറാൻ; യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കണമെന്ന് ആവശ്യം

iran


യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ അമേരിക്ക മുന്നോട്ടുവെച്ച താത്കാലിക വെടിനിർത്തൽ നിർദ്ദേശം ഇറാൻ തള്ളി. കേവലം താത്കാലികമായ ഒരു വെടിനിർത്തലിന് തങ്ങൾ തയ്യാറല്ലെന്നും യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും ഇറാൻ വ്യക്തമാക്കി. താത്കാലിക വെടിനിർത്തൽ എന്നത് ശത്രുക്കൾക്ക് യുദ്ധം പുനരാരംഭിക്കാൻ സമയം കണ്ടെത്താനുള്ള തന്ത്രം മാത്രമാണെന്നാണ് ഇറാന്റെ നിലപാട്. വെടിനിർത്തലിനായി ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നും ഇറാൻ പ്രഖ്യാപിച്ചു.

മധ്യസ്ഥരായ പാകിസ്താൻ വഴിയാണ് ഇറാൻ തങ്ങളുടെ ഔദ്യോഗിക മറുപടി അമേരിക്കയ്ക്ക് കൈമാറിയത്. യുദ്ധം അവസാനിപ്പിക്കാൻ കടുത്ത നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. മേഖലയിലെ പോരാട്ടങ്ങൾ പൂർണ്ണമായും നിർത്തലാക്കുക, ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പലുകളുടെ യാത്രയ്ക്ക് പ്രത്യേക സുരക്ഷാ പ്രോട്ടോക്കോൾ ഏർപ്പെടുത്തുക, യുദ്ധം മൂലം തകർന്ന മേഖലകളുടെ പുനർനിർമ്മാണത്തിന് സഹായം ഉറപ്പാക്കുക, ഇറാനെതിരെയുള്ള അന്താരാഷ്ട്ര ഉപരോധങ്ങൾ നീക്കം ചെയ്യുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന ശക്തമായ മുന്നറിയിപ്പാണ് ഇറാൻ നൽകുന്നത്. ഉന്നത നേതൃത്വത്തിന്റെ തീരുമാനത്തിന് അനുസൃതമായി അമേരിക്കയുമായും ഇസ്രായേലുമായും യുദ്ധം തുടരുമെന്നും അവർ വ്യക്തമാക്കി.