ഹോർമുസിൽ പ്രവേശിക്കാൻ ശ്രമിച്ച യു.എസ് ഡ്രോൺ കപ്പൽ ആക്രമിച്ചെന്ന് ഇറാൻ; എണ്ണക്കപ്പലുകൾ തകർത്തതിനുള്ള തിരിച്ചടി
ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കാൻ ശ്രമിച്ച യു.എസിന്റെ ആളില്ലാ സൈനിക കപ്പലിന് (Unmanned Vessel) നേരെ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അവകാശപ്പെട്ടു. ഇറാന്റെ എണ്ണക്കപ്പലുകൾക്ക് നേരെ യു.എസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഈ നടപടിയെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. എന്നാൽ, സംഭവത്തിൽ യു.എസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം യു.എസ് നാവികസേനയുടെ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടിയായി മൂന്ന് ഇറാനിയൻ എണ്ണക്കപ്പലുകൾ തകർത്തതായി യു.എസ് സൈന്യം അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യു.എസ് നിർമ്മിത ഡ്രോൺ കപ്പലിനെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയത്. ഒരു മാസത്തോളം നീണ്ട താൽക്കാലിക ശാന്തതയ്ക്ക് ശേഷം കഴിഞ്ഞ ആഴ്ചയോടെയാണ് യു.എസ് - ഇറാൻ സംഘർഷം വീണ്ടും രൂക്ഷമായത്.
കഴിഞ്ഞ ആഴ്ച തെക്കൻ ഇറാനിൽ യു.എസ് നടത്തിയ ബോംബാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 28-ന് ആരംഭിച്ച യു.എസ്-ഇസ്രായേൽ സമരം വീണ്ടും കടുക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിലെ വ്യോമ-നാവിക ഗതാഗത തടസ്സങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്ക സൃഷ്ടിക്കുകയാണ്.
