അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി ഡ്രോൺ പിടിച്ചെടുത്തെന്ന് ഇറാൻ; തകരാറിലായ പഴയ മോഡലെന്ന് യു.എസ്

  1. Home
  2. International

അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി ഡ്രോൺ പിടിച്ചെടുത്തെന്ന് ഇറാൻ; തകരാറിലായ പഴയ മോഡലെന്ന് യു.എസ്

us


യു.എസ് സൈന്യത്തിന്റെ ഏറ്റവും ആധുനികമായ 'ഡൈവ് എൽ.ഡി' (Dive LD) എന്ന അന്തർവാഹിനി ഡ്രോൺ ഹോർമുസ് കടലിടുക്കിന് സമീപത്തുനിന്ന് പിടിച്ചെടുത്തതായി ഇറാൻ നാവികസേന. തങ്ങളുടെ അഞ്ച് ക്രൂഡ് ഓയിൽ ടാങ്കറുകൾ തകർത്ത യു.എസ് നടപടിക്ക് മറുപടിയായാണ് ഈ നീക്കമെന്ന് ഇറാൻ അവകാശപ്പെട്ടു. പിടിച്ചെടുത്ത അന്തർവാഹിനിയുടെ ദൃശ്യങ്ങളും ഇറാൻ പുറത്തുവിട്ടിട്ടുണ്ട്.

എന്നാൽ, സാങ്കേതികത്തകരാർ മൂലം നിയന്ത്രണം നഷ്ടപ്പെട്ട പഴയ മോഡൽ ഡ്രോണാണിതെന്നും അതിൽ നിർണായക വിവരങ്ങളൊന്നുമില്ലെന്നും യു.എസ് പ്രതികരിച്ചു. പ്രാദേശിക ജലാശയത്തിൽ സർവേ നടത്തുകയായിരുന്ന അന്തർവാഹിനി തകരാറിലായതായി സമ്മതിച്ച യു.എസ്, അത് ഇറാൻ പിടിച്ചെടുത്തതാണോ എന്ന കാര്യം പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല. ആറ് കിലോമീറ്റർ വരെ ആഴത്തിൽ മുങ്ങാൻ ശേഷിയുള്ള ഇത്തരം ഡ്രോണുകൾക്ക് ഏകദേശം 2.5 മില്യൺ ഡോളർ (ഏകദേശം 20 കോടിയലധികം രൂപ) വിലമതിപ്പുണ്ട്.

അതിനിടെ, അമേരിക്കൻ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ജോർദാനിലെ അൽ-അസ്രഖിലുള്ള യു.എസ് സൈനിക താവളത്തിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി. ആക്രമണത്തിൽ യു.എസ് കേന്ദ്രങ്ങൾക്ക് വലിയ നാശനഷ്ടമുണ്ടായെന്ന് ഇറാൻ അവകാശപ്പെട്ടെങ്കിലും, തങ്ങളുടെ വ്യോമാതിർത്തിയിലെത്തിയ 20 മിസൈലുകളിൽ 18 എണ്ണവും തകർത്തതായി ജോർദാൻ വ്യക്തമാക്കി. യു.എസ് കപ്പലുകളെ ആക്രമിക്കുന്ന ഓരോ ശ്രമത്തിനും പകരമായി ഇറാന്റെ എണ്ണടാങ്കറുകൾ തകർക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.