യുദ്ധത്തിനിടെ 3 പൈലറ്റുമാരെ ഖത്തർ പിടികൂടിയെന്ന് ഇറാൻ; അവകാശവാദം തള്ളി ഖത്തർ
യു.എസുമായുള്ള യുദ്ധത്തിനിടെ തങ്ങളുടെ യുദ്ധവിമാനം തകർന്നു വീണതിനെ തുടർന്ന് മൂന്ന് ഇറാനിയൻ പൈലറ്റുമാരെ ഖത്തർ കസ്റ്റഡിയിലെടുത്തുവെന്ന ഇറാന്റെ ആരോപണം തള്ളി ഖത്തർ. ജവാദ് സലേഹി, അബ്ദുൾ മജീദ് ദഷ്തിയൻ, ഇമ്രാൻ ബെഹ്റോഷിയൻ എന്നീ പൈലറ്റുമാരെ ഖത്തർ തടങ്കലിൽ വെച്ചിരിക്കുകയാണെന്നും ഇവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇറാൻ റെഡ് ക്രോസ് മേധാവിക്ക് കത്തയച്ചിരുന്നു.
എന്നാൽ, ഇറാന്റെ അവകാശവാദങ്ങൾ തികച്ചും തെറ്റാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് ബിൻ മുഹമ്മദ് അൽ-അൻസാരി വ്യക്തമാക്കി. വ്യോമാതിർത്തി ലംഘിച്ചപ്പോൾ അന്താരാഷ്ട്ര നിയമപ്രകാരമുള്ള നടപടികൾ മാത്രമാണ് സ്വീകരിച്ചത്. കൊല്ലപ്പെട്ട ഒരു പൈലറ്റിന്റെ ഭൗതികാവശിഷ്ടങ്ങൾ കൈമാറിയിട്ടുണ്ടെന്നും രക്ഷാപ്രവർത്തന വിവരങ്ങൾ പങ്കുവെക്കാൻ ഇറാനിയൻ സംഘത്തെ ക്ഷണിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും ഖത്തർ അറിയിച്ചു.
