ബഹ്‌റൈനിൽ വീണ്ടും ഇറാൻ ആക്രമണം; ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർക്ക് നിസ്സാര പരിക്ക്
ബഹ്‌റൈനിൽ വീണ്ടും ഇറാൻ ആക്രമണം നടന്നതായി അധികൃതർ സ്ഥിരീകരിച്ചു. ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർക്ക് നിസ്സാര പരിക്കേറ്റതായും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ മുഹറഖ് ഭാഗത്തെ സർവകലാശാല കെട്ടിടത്തിന് കേടുപാടുണ്ടായതായും അധികൃതർ അറിയിച്ചു. ജനവാസ മേഖലയിലും ഡ്രോൺ ആക്രമണം നടന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിൽ ജല ശുദ്ധീകരണ പ്ലാന്റിന് തകർച്ചയുണ്ടായതായും പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി മിന സൽമാൻ തുറമുഖത്തിന് നേരെയും ആക്രമണം നടന്നിരുന്നു
ഇറാൻ ആക്രമണത്തിൽ ബഹ്‌റൈനിൽ നേരത്തെ ഒരു മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഹിദ്ദിലെ സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ കപ്പലിന് തീ പിടിച്ചാണ് പ്രവാസി തൊഴിലാളി മരിച്ചത്. മിസൈൽ ആക്രമണം ഇന്റർസെപ്റ്റ് ചെയ്യുന്നതിനിടെ നിർത്തിയിട്ട കപ്പലിനു നേരെ മിസൈൽ അവശിഷ്ടം വന്ന് പതിക്കുകയായിരുന്നു. ബംഗ്ലാദേശ് പൗരനാണ് ആക്രമണത്തിൽ മരിച്ചത്. കപ്പലിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.
