യു.എസ് ആക്രമിച്ചാൽ ഗൾഫ് രാജ്യങ്ങളെയും ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
അമേരിക്കൻ സൈന്യം ഇറാനെതിരെ നേരിട്ടുള്ള ആക്രമണത്തിന് മുതിർന്നാൽ യുദ്ധം ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ. അയൽരാജ്യങ്ങളിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും ആ മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും നേരെ ശക്തമായ പ്രത്യാക്രമണമുണ്ടാകുമെന്ന് മധ്യസ്ഥ രാജ്യങ്ങൾ വഴി ഇറാൻ മുന്നറിയിപ്പ് നൽകിയതായി 'വാൾ സ്ട്രീറ്റ് ജേർണൽ' റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ ആക്രമണം ഉണ്ടാകുന്ന പക്ഷം സൗദി അറേബ്യയിലെ പ്രധാന എണ്ണ ശുദ്ധീകരണശാലകൾ, മേഖലയിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ യുദ്ധക്കപ്പലുകൾ, മറ്റ് സുപ്രധാന ഗൾഫ് നിർമ്മിതികൾ എന്നിവ ലക്ഷ്യമിടുമെന്നാണ് ഇറാന്റെ ഭീഷണി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ എത്തിയ നയതന്ത്ര പ്രതിനിധികളോടാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. ആവശ്യമെങ്കിൽ അയൽരാജ്യങ്ങളിലേക്ക് കരയുദ്ധം വ്യാപിപ്പിക്കാനും പദ്ധതിയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇറാന്റെ പുതിയ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾ കടുത്ത ആശങ്കയിലാണ്. അമേരിക്ക കൂടുതൽ യുദ്ധക്കപ്പലുകൾ മധ്യപൂർവേഷ്യയിൽ വിന്യസിക്കുകയും ഇസ്രായേൽ സംയുക്ത ആക്രമണങ്ങൾക്ക് കോപ്പുകൂട്ടുകയും ചെയ്യുന്ന സാഹചര്യത്തിൽ, സമഗ്രമായ ഒരു യുദ്ധം ഒഴിവാക്കാൻ നയതന്ത്ര പ്രതിനിധികൾ തീവ്രശ്രമം തുടരുകയാണ്. സാമ്പത്തിക ഉപരോധങ്ങളിൽ അയവ് വരുത്താമെന്നടക്കമുള്ള സമവായ നിർദ്ദേശങ്ങൾ മധ്യസ്ഥർ മുന്നോട്ടുവെച്ചെങ്കിലും ഇറാനിലെ തീവ്രനിലപാടുകാർ ഇത് പൂർണ്ണമായും തള്ളിക്കളഞ്ഞു.
