ഹോർമുസ് ചുങ്കത്തിൽ റഷ്യയ്ക്ക് ഇളവ് നൽകി ഇറാൻ; സൗഹൃദ രാജ്യങ്ങൾക്കും ആശ്വാസം

  1. Home
  2. International

ഹോർമുസ് ചുങ്കത്തിൽ റഷ്യയ്ക്ക് ഇളവ് നൽകി ഇറാൻ; സൗഹൃദ രാജ്യങ്ങൾക്കും ആശ്വാസം

hormuz


തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ പുതിയ യാത്രാചുങ്കത്തിൽ (Toll) നിന്ന് റഷ്യ ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങളെ ഇറാൻ ഒഴിവാക്കി. മോസ്കോയിലെ ഇറാൻ അംബാസഡർ ഖാസിം ജലാലിയെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ 'റിയ നൊവാസ്റ്റി'യാണ് ഈ വിവരം പുറത്തുവിട്ടത്. റഷ്യയ്ക്ക് പുറമെ മറ്റ് ഏതൊക്കെ രാജ്യങ്ങളെയാണ് ഈ ഇളവിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന കാര്യത്തിൽ നിലവിൽ വ്യക്തത വന്നിട്ടില്ല.

ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിന് ടോൾ ഈടാക്കിത്തുടങ്ങിയെന്നും ആദ്യഘട്ട വരുമാനം ലഭിച്ചെന്നും ഇറാൻ പാർലമെന്റ് (മജ്‌ലിസ്) സെക്കൻഡ് വൈസ് സ്പീക്കർ ഹമീദ് റിസ ഹാജി ബാബേയി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ തുക ഇറാനിയൻ സെൻട്രൽ ബാങ്കിൽ നിക്ഷേപിച്ചു കഴിഞ്ഞു. കടലിടുക്കിലെ സുരക്ഷാ ചെലവുകൾ വർധിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇറാൻ ഇത്തരമൊരു നീക്കം നടത്തിയത്. ചരക്കിന്റെ സ്വഭാവം, അളവ്, അപകടസാധ്യത എന്നിവ കണക്കിലെടുത്താണ് ഓരോ കപ്പലിനുമുള്ള ഫീസ് നിശ്ചയിക്കുന്നത്.

ലോകത്തെ മൊത്തം ക്രൂഡ് ഓയിൽ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന പാതയിൽ നികുതി ഏർപ്പെടുത്തുന്നതിനെതിരെ അമേരിക്കയും യൂറോപ്യൻ യൂണിയനും രംഗത്തെത്തിയിട്ടുണ്ട്. ഡോളറിന് പകരം ഇറാനിയൻ കറൻസിയായ 'റിയാലിൽ' ചുങ്കം ഈടാക്കാനും ഇറാൻ ശ്രമിക്കുന്നുണ്ട്. നേരത്തെ ഇസ്‌ലാമാബാദിൽ നടന്ന യുഎസ് - ഇറാൻ സമാധാന ചർച്ചകളിൽ ഈ വിഷയം ഉന്നയിച്ചിരുന്നെങ്കിലും ധാരണയിൽ എത്തിയിരുന്നില്ല. ഇതിനിടയിലാണ് റഷ്യയ്ക്ക് ഇളവ് നൽകിക്കൊണ്ടുള്ള ഇറാന്റെ പുതിയ നീക്കം.