അനുമതിയില്ലാതെ കപ്പലുകൾ ഹോർമൂസ് കടന്നാൽ പ്രത്യാഘാതം ഗുരുതരമെന്ന് ഇറാൻ
അനുമതിയില്ലാതെ കപ്പലുകൾ ഹോർമൂസ് കടലിടുക്ക് കടന്നാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇറാൻ കർശന മുന്നറിയിപ്പ് നൽകി. അമേരിക്ക, ഇസ്രായേൽ എന്നിവരുടെയും അവരുടെ സഖ്യകക്ഷികളുടെയും കപ്പലുകൾ ഒരു കാരണവശാലും കടത്തിവിടില്ലെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് (IRGC) വ്യക്തമാക്കി. ഹോർമൂസ് കടലിടുക്കിലെ നിയന്ത്രണം വഴി ലോക സമ്പദ്ഘടനയെ ഇറാൻ ബന്ദിയാക്കിയിരിക്കുകയാണെന്ന് യുകെ വിദേശകാര്യ സെക്രട്ടറി വൈവറ്റ് കൂപ്പർ കുറ്റപ്പെടുത്തി. അതേസമയം, പശ്ചിമേഷ്യൻ സംഘർഷം തങ്ങളുടേതല്ലെന്നും ഇതിൽ പങ്കുചേരില്ലെന്നും ഫ്രാൻസ് വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻ, അമേരിക്കൻ നേതാക്കളുമായി ആശയവിനിമയം നടത്തി സംഘർഷം കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.
പശ്ചിമേഷ്യയിൽ പതിനായിരം സൈനികരെ കൂടി അധികമായി വിന്യസിക്കാൻ അമേരിക്ക നീക്കം തുടങ്ങിയതോടെ മേഖലയിലെ യുദ്ധഭീതി വർധിച്ചിരിക്കുകയാണ്. നിലവിൽ 50,000 യുഎസ് സൈനികർ പശ്ചിമേഷ്യയിലുണ്ട്. ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള ഏത് നീക്കത്തെയും ശക്തമായി ചെറുക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. അമേരിക്കൻ സൈനികത്താവളങ്ങൾ സ്ഥിതി ചെയ്യുന്ന ഇടങ്ങളിൽ നിന്ന് സാധാരണക്കാർ എത്രയും വേഗം മാറിത്താമസിക്കണമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കൻ-ഇസ്രായേൽ സേനകളെ കണ്ടെത്തുന്നിടത്തെല്ലാം ഇല്ലാതാക്കുക എന്നത് തങ്ങളുടെ കടമയാണെന്നും ഇറാൻ വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ച 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4'-ന്റെ ഭാഗമായി പ്രധാന യുഎസ്-ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ വൻതോതിൽ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. അഷ്ദോദിലെ എണ്ണ ഡിപ്പോകൾ, മോദിയിൻ സെറ്റിൽമെന്റിലെ സൈനിക കേന്ദ്രം, അൽ ദാഫ്ര, അൽ ഉദൈദ് എന്നിവിടങ്ങളിലെ അമേരിക്കൻ താവളങ്ങൾ എന്നിവ തകർത്തതായാണ് ഇറാൻ അവകാശപ്പെടുന്നത്. സൈനിക താവളങ്ങൾ സംരക്ഷിക്കാൻ ശേഷിയില്ലാത്ത ശക്തികൾ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും ഐആർജിസി ആരോപിച്ചു.
