ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ഇന്ത്യയിലേക്ക്; ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

  1. Home
  2. International

ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ഇന്ത്യയിലേക്ക്; ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

modi


പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ഇന്ത്യ സന്ദർശിക്കുന്നു. സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടക്കുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. 'ശേഷി, നവീകരണം, സഹകരണം, സുസ്ഥിരത' എന്നീ പ്രമേയങ്ങൾ മുൻനിർത്തി ഇന്ത്യയുടെ അധ്യക്ഷതയിലാണ് ഇത്തവണത്തെ ഉച്ചകോടി സംഘടിപ്പിക്കുന്നത്. 2024 ഒക്ടോബറിൽ റഷ്യയിലെ കസാനിൽ നടന്ന ഉച്ചകോടിക്കിടെയാണ് പെസെഷ്കിയനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ അവസാനമായി ഉഭയകക്ഷി-പ്രാദേശിക വിഷയങ്ങളിൽ ചർച്ച നടത്തിയത്.

ഈജിപ്ത്, എത്യോപ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയ്ക്കൊപ്പം 2024-ലാണ് ഇറാൻ ബ്രിക്സിൽ പൂർണ്ണ അംഗത്വമെടുത്തത്. 2025-ൽ ഇന്തോനേഷ്യ കൂടി എത്തിയതോടെ സഖ്യത്തിലെ പൂർണ്ണ അംഗങ്ങളുടെ എണ്ണം 11 ആയി ഉയർന്നു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ ഇന്ത്യയ്ക്ക് നിർണായക പങ്ക് വഹിക്കാൻ സാധിക്കുമെന്ന് കഴിഞ്ഞ ജൂണിൽ ഡൽഹി സന്ദർശിച്ച ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയിരുന്നു. സൈനിക നടപടികളേക്കാൾ ചർച്ചകളിലൂടെയുള്ള സമാധാനപരമായ പരിഹാരമാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നും, സമാധാനശ്രമങ്ങളിൽ ഇന്ത്യ നടത്തുന്ന ഏത് ക്രിയാത്മക ഇടപെടലിനെയും സ്വാഗതം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ ചരിത്രപരമായ പങ്കാളിത്തം തുടരുമെന്നും സൗഹൃദ രാജ്യങ്ങളുടെ വാണിജ്യ സുരക്ഷയ്ക്ക് ഇറാൻ ഉറപ്പുനൽകുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിലും അരാഗ്ചി ചൂണ്ടിക്കാട്ടിയിരുന്നു. ഫെബ്രുവരി 28-ന് ആരംഭിച്ച സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, മേഖലയിലെ സംഘർഷാവസ്ഥയ്ക്കിടയിൽ നടക്കുന്ന ഇറാൻ പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനത്തിന് വലിയ അന്താരാഷ്ട്ര പ്രധാന്യമാണുള്ളത്.