ബഹ്‌റൈന് നേരെയുളള ഇറാന്റെ വ്യോമാക്രമണം: രണ്ടുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

  1. Home
  2. International

ബഹ്‌റൈന് നേരെയുളള ഇറാന്റെ വ്യോമാക്രമണം: രണ്ടുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

bahrain


ശനിയാഴ്ച രാത്രി ബഹ്‌റൈന് നേരെ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഭിന്നശേഷിക്കാരനായ ഒരു ബഹ്‌റൈൻ പൗരനും ഒരു പാകിസ്ഥാൻ പ്രവാസിക്കും പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. പരിക്കേറ്റ ബഹ്‌റൈൻ പൗരന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും എന്നാൽ പാകിസ്ഥാൻ സ്വദേശിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. ശനിയാഴ്ച രാത്രി 9.10-ഓടെയാണ് രാജ്യത്തിന് നേരെ ഇറാന്റെ ആക്രമണമുണ്ടായത്. ഇതിനെത്തുടർന്ന് സാധാരണക്കാരുടെ ഒരു വ്യവസായ കേന്ദ്രത്തിൽ തീപിടിത്തമുണ്ടാവുകയും ഭൗതിക നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു.

വിവരമറിഞ്ഞ ഉടൻ തന്നെ സിവിൽ ഡിഫൻസ് വിഭാഗം സ്ഥലത്തെത്തുകയും തീ നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം എക്സിലൂടെ അറിയിച്ചു. ആക്രമണത്തിന് തൊട്ടുപിന്നാലെ ലഭിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആർക്കും പരിക്കില്ലെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും, തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് രണ്ടുപേർക്ക് പരിക്കേറ്റ വിവരം മന്ത്രാലയം സ്ഥിരീകരിച്ചത്. ബഹ്‌റൈൻ പ്രതിരോധ സേന ഇറാന്റെ നിരവധി വ്യോമാക്രമണങ്ങളെ ശനിയാഴ്ച രാത്രി ആകാശത്തുവെച്ച് തന്നെ വിജയകരമായി തകർത്തിരുന്നുവെന്നും, പ്രതിരോധത്തിനിടെ തകർന്നുവീണ മിസൈൽ-ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചാണ് നാശനഷ്ടങ്ങളുണ്ടായതെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, ബഹ്‌റൈനെ ലക്ഷ്യമിട്ട് ഇറാൻ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളെ യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങളും അറബ് പാർലമെന്റും ശക്തമായി അപലപിച്ചു. സാധാരണക്കാരുടെ വ്യാവസായിക കേന്ദ്രത്തിന് നേരെ നടന്ന ഒടുവിലത്തെ ആക്രമണത്തെയും അതിലുണ്ടായ നാശനഷ്ടങ്ങളെയും അപലപിച്ച കുവൈത്ത് വിദേശകാര്യ മന്ത്രാലയം, ഇത് ബഹ്‌റൈന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും യു.എൻ രക്ഷാസമിതി പ്രമേയം 2817-ന്റെയും നഗ്നമായ ലംഘനമാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സിവിലിയൻ കേന്ദ്രങ്ങളെയും സാമ്പത്തിക ആസ്തികളെയും മനഃപൂർവ്വം ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്ക് വിരുദ്ധമാണെന്നും, ഇറാന്റെ ഇത്തരം പ്രകോപനപരമായ നടപടികൾ മേഖലയുടെയാകെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണെന്നും അറബ് പാർലമെന്റ് മുന്നറിയിപ്പ് നൽകി.