ഇറാന്റെ ആക്രമണം; എൽഎൻജി ഉത്പാദനം നിർത്തി ഖത്തർ എനർജി
ഇറാന്റെ ഡ്രോൺ ആക്രമണത്തിന് പിന്നാലെ ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും (LNG) മറ്റ് അനുബന്ധ ഉൽപന്നങ്ങളുടെയും ഉത്പാദനം നിർത്തിവെക്കുന്നതായി ഖത്തർ എനർജി അറിയിച്ചു. ഖത്തർ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനിയായ ഖത്തർ എനർജിയുടെ റാസ് ലഫാൻ, മെസൈയീദ് ഇൻഡസ്ട്രിയൽ സിറ്റികളിലെ കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഉത്പാദനം താത്കാലികമായി നിർത്തിവെക്കുന്നതെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു.
റാസ് ലഫാനിലും മെസൈയീദിലും ഇറാന്റെ ഡ്രോണുകൾ പതിച്ചതായി ഖത്തർ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആക്രമണത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉത്പാദക രാജ്യങ്ങളിലൊന്നായ ഖത്തർ, തങ്ങളുടെ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരം ഇറാനുമായി പങ്കിടുന്നുമുണ്ട്. മേഖലയിലെ സംഘർഷം ആഗോള ഇന്ധന വിപണിയെയും ബാധിച്ചേക്കുമെന്ന ആശങ്ക ശക്തമാണ്.
