ബഹ്റൈനിലെ യുഎസ് റഡാർ സംവിധാനത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം
ബഹ്റൈനിലെ അമേരിക്കൻ റഡാർ സംവിധാനങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ബഹ്റൈൻ ഔദ്യോഗിക ടെലിവിഷൻ ഇക്കാര്യം സ്ഥിരീകരിച്ചതായി അൽ ജസീറ വ്യക്തമാക്കി. മേഖലയിൽ അമേരിക്ക നടത്തുന്ന ശത്രുതാപരമായ നീക്കങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഐആർജിസി അറിയിച്ചു.
ബഹ്റൈനിലെ ഈസ എയർബേസിലുള്ള യുഎസ് റഡാർ സംവിധാനത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്ന് ചൊവ്വാഴ്ച ഐആർജിസി അവകാശപ്പെട്ടു. യുഎസ് നാവികസേനയുടെ ഫിഫ്ത് ഫ്ലീറ്റ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ബഹ്റൈനിൽ, നിലവിലെ യുദ്ധസാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സമീപ ദിവസങ്ങളിലും സമാനമായ ആക്രമണങ്ങൾ നടന്നിരുന്നു. ആക്രമണ സാധ്യത മുൻനിർത്തി തലസ്ഥാനമായ മനാമയിലെ താമസക്കാർക്ക് മൊബൈൽ ഫോണുകൾ വഴി അടിയന്തര മുന്നറിയിപ്പ് നൽകിയിരുന്നു. ഏറ്റവും അടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് നിർദേശിച്ചതിന് പിന്നാലെ നഗരത്തിൽ സ്ഫോടന ശബ്ദങ്ങൾ മുഴങ്ങി. പിന്നീട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതോടെ അധികൃതർ 'ഓൾ ക്ലിയർ' സന്ദേശം പുറത്തുവിട്ടു.
ഞായറാഴ്ച ബഹ്റൈനിലെ റിഫ എയർബേസിലുള്ള യുഎസ് വ്യോമപ്രതിരോധ റഡാർ സംവിധാനത്തിന് നേരെ ഐആർജിസി ആറ് ഡ്രോണുകൾ വിക്ഷേപിച്ചിരുന്നു. വെള്ളിയാഴ്ചയും ബഹ്റൈനിലെ യുഎസ് ഏർളി-വാണിങ് റഡാർ സിസ്റ്റം ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഐആർജിസി അവകാശപ്പെട്ടിരുന്നെങ്കിലും, രണ്ട് ഇറാനിയൻ ഡ്രോണുകളും തകർത്തുവെന്നും നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചിട്ടില്ലെന്നുമായിരുന്നു യുഎസ് സൈന്യത്തിന്റെ വിശദീകരണം.
