ബഹ്‌റൈന് നേരെ ഇറാന്റെ വൻ ആക്രമണം; സിത്രാഹ് വ്യവസായ കേന്ദ്രത്തിൽ വൻ തീപിടിത്തം
ബഹ്‌റൈന് നേരെ വൻ ആക്രമണവുമായി ഇറാൻ. രാജ്യത്തെ രണ്ട് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇറാൻ സൈന്യം അവകാശപ്പെട്ടതിന് പിന്നാലെ, ഇറാൻ തൊടുത്തുവിട്ട സ്ഫോടകവസ്തു പതിച്ച് ബഹ്‌റൈനിലെ പ്രമുഖ വ്യവസായ കേന്ദ്രത്തിൽ വൻ തീപിടിത്തമുണ്ടായി. സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയ സിവിൽ ഡിഫൻസ് വിഭാഗം തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമങ്ങൾ തുടരുകയാണ്.
ബഹ്‌റൈനിലെ പ്രധാന വ്യവസായ മേഖലയായ സിത്രാഹ് ദ്വീപിൽ നിന്ന് വലിയ രീതിയിൽ പുക ഉയരുന്നതായി സമീപവാസികൾ മാധ്യമങ്ങളോട് വ്യക്തമാക്കി. ആക്രമണത്തിൽ ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മേഖലയിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് ബഹ്‌റൈൻ അധികൃതർ അറിയിച്ചു. സിവിലിയൻ മേഖലയ്ക്ക് നേരെയുള്ള ഇറാന്റെ ഹീനമായ ആക്രമണമാണിതെന്ന് ബഹ്‌റൈൻ ശക്തമായ ഭാഷയിൽ അപലപിച്ചു.
അതേസമയം, ആക്രമണത്തിന് പിന്നാലെ വിശദീകരണവുമായി ഇറാൻ രംഗത്തെത്തിയിട്ടുണ്ട്. ബഹ്‌റൈനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെയാണ് തങ്ങൾ ലക്ഷ്യം വെച്ചതെന്നാണ് ഇറാന്റെ വാദം. ഇറാന്റെ പ്രകോപനപരമായ നടപടികളെ കടുത്ത ഭാഷയിൽ അപലപിച്ച ബഹ്‌റൈൻ, കഴിഞ്ഞ ആഴ്ചയും തങ്ങൾക്ക് നേരെ ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണ ശ്രമങ്ങളുണ്ടായിരുന്നതായും എന്നാൽ ആ വ്യോമാക്രമണങ്ങളെയെല്ലാം വിജയകരമായി പ്രതിരോധിച്ചിരുന്നതായും വ്യക്തമാക്കി.
