അറേബ്യൻ രാജ്യങ്ങൾക്ക് നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ
ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യുഎഇ. ഇറാന്റെ സൈനിക നടപടി അറബ് രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും, മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഇത് വലിയ ഭീഷണിയാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് യുഎഇ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സ്വന്തം സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കാൻ ഈ രാജ്യങ്ങൾ സ്വീകരിക്കുന്ന എല്ലാവിധ നടപടികൾക്കും യുഎഇയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, കുവൈത്തിലെയും ജോർദാനിലെയും അമേരിക്കൻ സൈനിക താവളങ്ങളെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി. തങ്ങൾക്കെതിരെ ആക്രമണം നടത്താൻ അമേരിക്കയ്ക്ക് സൗകര്യമൊരുക്കുന്ന അയൽരാജ്യങ്ങൾ ഇനിയും ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. യുഎസിന് തങ്ങളുടെ മണ്ണിൽ സൈനിക താവളങ്ങൾ അനുവദിക്കുന്നതും ഇറാനെതിരെ സൈനിക നടപടിക്ക് സൗകര്യമൊരുക്കുന്നതും ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് ഇറാൻ സൈനിക വക്താവ് കൂട്ടിച്ചേർത്തു.
ജോർദാനിലെ അൽ അസ്രഖ് വ്യോമ താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണമാണ് ഇറാൻ നടത്തിയത്. കുവൈത്തിലെ അലി അൽ സലേം വ്യോമ താവളത്തിലെ ഉപഗ്രഹ ആശയവിനിമയ കേന്ദ്രവും ഏർലി വാണിംഗ് റഡാർ സംവിധാനവും അൽ ഷുഐബ മേഖലയിലുള്ള യുഎസ് സൈനിക പിയറും തകർത്തതായി ഇറാൻ റെവല്യൂഷണറി ഗാർഡ് കോപ്സ് അവകാശപ്പെട്ടു. ഇതിനിടെ, ബഹ്‌റൈനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ നിരവധി വ്യോമാക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വഴി വിജയകരമായി പ്രതിരോധിച്ചതായി ബഹ്‌റൈൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
