യുഎഇക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രതിരോധ മന്ത്രാലയം

  1. Home
  2. International

യുഎഇക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രതിരോധ മന്ത്രാലയം

missile attack


യുഎസ്-ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ യുഎഇ ലക്ഷ്യമാക്കി ഇറാന്റെ മിസൈലാക്രമണം. വ്യാഴാഴ്ച രാത്രിയാണ് ഇറാനിൽ നിന്ന് മിസൈലുകൾ എത്തിയതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും മന്ത്രാലയം നിർദ്ദേശം നൽകി.

ഇറാൻ തൊടുത്തുവിട്ട മിസൈലുകളെ യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞുവരികയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഹോർമുസ് കടലിടുക്കിൽ വ്യാഴാഴ്ച ഇറാൻ-യുഎസ് സേനകൾ തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇറാനിലെ ക്യുഷ്ം തുറമുഖത്തിനും ബന്ദർ അബ്ബാസിനും നേരെ അമേരിക്കൻ വ്യോമസേന മിന്നലാക്രമണം നടത്തിയതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ഭീഷണിയാകുന്ന ഇറാന്റെ സൈനിക കേന്ദ്രങ്ങളെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഏപ്രിൽ ഏഴിന് നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് നടക്കുന്ന ആദ്യ പ്രധാന ഏറ്റുമുട്ടലാണിത്. പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രത തുടരുകയാണ്.