അബുദാബിയിലും ഇറാന്റെ മിസൈൽ വർഷം; ഒരാൾ കൊല്ലപ്പെട്ടു; ഗൾഫ് മേഖലയിലെ യുഎസ് താവളങ്ങൾക്ക് നേരെ വ്യാപക ആക്രമണം
അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ ഇറാന്റെ പ്രത്യാക്രമണം കൂടുതൽ ഗൾഫ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാന്റെ മിസൈൽ പതിച്ച് ഒരാൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. പ്രതിരോധ സംവിധാനങ്ങൾ തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ സിവിലിയൻ കേന്ദ്രങ്ങളിൽ വീണാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ടത് ഒരു ഏഷ്യൻ വംശജനാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്രായേൽ, ബഹ്‌റൈൻ, ഖത്തർ, സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് പിന്നാലെ യുഎഇയിലും ആക്രമണം ഉണ്ടായതോടെ മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി.
യുഎഇ അധികൃതർ രാജ്യത്തുടനീളം കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ മിക്കവാറും നിലച്ച അവസ്ഥയിലാണ്. യുഎഇ വ്യോമപാത ഭാഗികമായി അടച്ചതിന് പിന്നാലെയാണ് തലസ്ഥാന നഗരിയിൽ മിസൈൽ പതനമുണ്ടായത്. മേഖലയിലെ എല്ലാ യുഎസ് സൈനിക ആസ്ഥാനങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ശരിവെക്കുന്ന രീതിയിലാണ് ഇപ്പോൾ അയൽരാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾക്ക് നേരെ മിസൈൽ വർഷം നടക്കുന്നത്.
ഇസ്രായേലിനും അമേരിക്കയ്ക്കും നേരെ ഇറാൻ നടത്തുന്ന ഈ ശക്തമായ തിരിച്ചടി ആഗോളതലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ലക്ഷക്കണക്കിന് പ്രവാസികൾ താമസിക്കുന്ന ഗൾഫ് രാജ്യങ്ങളിൽ യുദ്ധം വ്യാപിക്കുന്നത് കേരളത്തിലുൾപ്പെടെ വലിയ ആഘാതം സൃഷ്ടിക്കും. സിപിഎം പൊളിറ്റ്ബ്യൂറോ ഉൾപ്പെടെയുള്ള രാഷ്ട്രീയ സംഘടനകൾ ഇറാന് നേരെയുള്ള ആദ്യ ആക്രമണത്തെ അപലപിച്ചതിന് പിന്നാലെയാണ് പ്രത്യാക്രമണങ്ങളുടെ പരമ്പര തുടരുന്നത്.
