പശ്ചിമേഷ്യയിൽ സമാധാനത്തിന് വഴിതുറക്കാൻ ഇറാന്റെ ‘ഏഴുദിന ഫോർമുല’; ഹോർമുസ് കടലിടുക്ക് തുറക്കാമെന്ന് വാഗ്ദാനം
പശ്ചിമേഷ്യയിലെ രൂക്ഷമായ സൈനിക സംഘർഷങ്ങൾക്ക് വിരാമമിടാനും ആഗോള ഊർജപാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നുകൊടുക്കാനുമായി അമേരിക്കയ്ക്ക് മുന്നിൽ നിർണായക ഏഴുദിന നയതന്ത്ര പദ്ധതി വച്ച് ഇറാൻ. യു.എസ് ഉപരോധവും സൈനിക നീക്കങ്ങളും അവസാനിപ്പിക്കുകയാണെങ്കിൽ ഏഴ് ദിവസത്തിനകം കടലിടുക്ക് തുറന്നുനൽകുമെന്നും ആണവ ചർച്ചകൾ പുനരാരംഭിക്കുമെന്നുമാണ് ഇറാന്റെ വാഗ്ദാനം. ഇടനിലക്കാർ വഴി പദ്ധതിയുടെ വിശദമായ റോഡ്മാപ്പ് അമേരിക്കയ്ക്ക് കൈമാറിയതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.
കഴിഞ്ഞ ജൂണിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശങ്ങളും തയാറാക്കിയിരിക്കുന്നത്. യു.എസിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ധാരണയിലെത്തുന്നതാണ് അഭികാമ്യമെന്നും ഇറാൻ വ്യക്തമാക്കുന്നു. ജർമൻ വിദേശകാര്യ മന്ത്രി യോഹാൻ വാഡെഫുളുമായി നടത്തിയ കൂടിക്കാഴ്ചയിലും അരാഗ്ചി ഇറാന്റെ ആവശ്യങ്ങൾ തുറന്നുപറഞ്ഞു.
യു.എസ് ആക്രമണങ്ങൾ അവസാനിച്ചാൽ മാത്രമേ മേഖലയിൽ സുസ്ഥിരത ഉറപ്പാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ കരാറുകൾ ലംഘിച്ച് നയതന്ത്ര ചർച്ചകളെ അട്ടിമറിച്ചത് അമേരിക്കയാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ആരോപിച്ചു.
