യുഎസിന് ഇറാന്റെ കനത്ത മുന്നറിയിപ്പ്; സൈനികതാവളങ്ങളിലേക്കുള്ള ആയുധനീക്കം ഹോർമുസിലൂടെ അനുവദിക്കില്ല
അമേരിക്കയ്‌ക്ക് കർശന മുന്നറിയിപ്പുമായി ഇറാൻ. ഹോർമുസ് കടലിടുക്ക് പൂർണ്ണമായും ഇറാൻ സായുധസേനയുടെ നിയന്ത്രണത്തിലാണെന്നും, അതുവഴി മേഖലയിലെ യുഎസ് സൈനികതാവളങ്ങളിലേക്ക് ആയുധങ്ങൾ എത്തിക്കാൻ അനുവദിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇറാൻ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ മൊഹമ്മദ് അക്രാമിനിയയാണ് ഇക്കാര്യം അറിയിച്ചത്. ഇറാൻ സായുധസേനയുടെ മുൻ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ അബ്ദൊൽ റഹ്‌മാൻ മൗസവിയുടെ ചരമവാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ഏത് നീക്കവും ഇറാൻ സായുധസേനയുടെ മേൽനോട്ടത്തിലായിരിക്കണമെന്ന് അക്രാമിനിയ പറഞ്ഞു. കടലിടുക്കിന്റെ പടിഞ്ഞാറൻ ഭാഗം ഐആർജിസി (IRGC) നാവികസേനയുടെയും കിഴക്കുഭാഗം ഇറാൻ നാവികസേനയുടെയും നിരീക്ഷണത്തിലാണ്. ഇത്തരത്തിലുള്ള സംഘടിത നിയന്ത്രണം പ്രദേശത്തിന് മേലുള്ള ഇറാന്റെ പരമാധികാരത്തെ ശക്തിപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ മിസൈൽ-ആണവശേഷി തകർക്കാനോ ഭരണകൂടത്തെ പുറത്താക്കാനോ ഉള്ള ശത്രുക്കളുടെ നീക്കങ്ങൾ ലക്ഷ്യം കാണില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയും ഇറാൻ ഉന്നത ഉദ്യോഗസ്ഥർ രംഗത്തെത്തി. അമേരിക്കയോ ട്രംപോ എന്തെങ്കിലും നീക്കത്തിന് മുതിർന്നാൽ പേർഷ്യൻ ഉൾക്കടലിനെ അമേരിക്കൻ മറീനുകളുടെ ശ്മശാനമാക്കി മാറ്റുമെന്ന് ഐആർജിസി നാവികവിഭാഗം ഡെപ്യൂട്ടി സയീദ് സിയാസൊരാനി മുന്നറിയിപ്പ് നൽകി. ശത്രുക്കളുടെ ഏത് തെറ്റായ നീക്കത്തിനും ഏറ്റവും ഗുരുതരമായ പ്രതികരണമാകും ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുകയെന്നും സൈനിക നേതൃത്വം വ്യക്തമാക്കി.
