ഇറാന്റെ സമയം അടുത്തു; തീരുമാനം വേഗത്തില്‍ എടുത്തില്ലെങ്കില്‍ ഒന്നും അവശേഷിപ്പിക്കില്ല; കടുത്ത മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്

  1. Home
  2. International

ഇറാന്റെ സമയം അടുത്തു; തീരുമാനം വേഗത്തില്‍ എടുത്തില്ലെങ്കില്‍ ഒന്നും അവശേഷിപ്പിക്കില്ല; കടുത്ത മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്

donald trump


ഇറാനെതിരെ യുദ്ധപ്രഖ്യാപനത്തിന് സമാനമായ കടുത്ത മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇറാന്റെ സമയം അടുത്തുവെന്നും അവർ കാര്യങ്ങളിൽ എത്രയും വേഗം അന്തിമ തീരുമാനം എടുക്കുന്നതാണ് നല്ലതെന്നും സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' പങ്കുവെച്ച പോസ്റ്റിൽ ട്രംപ് ഭീഷണി മുഴക്കി. ഇറാനുമായി ബന്ധപ്പെട്ട് യു.എസ് മുന്നോട്ട് വെച്ച നിർദ്ദേശങ്ങളിൽ അടിയന്തരമായി തീരുമാനമെടുത്തില്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിപ്പിക്കില്ലെന്നാണ് ട്രംപിന്റെ പോസ്റ്റിലെ പ്രധാന പരാമർശം.

മേഖലയിൽ ഭീതി പടർത്തി ഇറാനിൽ ആണവായുധം പ്രയോഗിക്കുമെന്ന തരത്തിലുള്ള ഒരു എ.ഐ നിർമ്മിത ചിത്രവും തന്റെ പോസ്റ്റിനൊപ്പം ട്രംപ് പങ്കുവെച്ചിട്ടുണ്ട്. നയതന്ത്ര ചർച്ചകളിൽ ഉടൻ പുരോഗതിയുണ്ടായില്ലെങ്കിൽ ഇറാൻ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അമേരിക്ക അതിവേഗം തങ്ങളുടെ അടുത്ത നടപടികളിലേക്ക് മുന്നോട്ട് പോവുകയാണെന്ന വലിയ മുന്നറിയിപ്പും ട്രംപ് നൽകുന്നു. അവർ എത്രയും വേഗം ചർച്ചകളുമായി സഹകരിക്കുന്നതാണ് നല്ലതെന്നും അല്ലാത്തപക്ഷം പിന്നീട് ഖേദിക്കേണ്ടി വരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിൽ വീണ്ടുമൊരു വലിയ യുദ്ധഭീതിക്ക് ട്രംപിന്റെ ഈ പോസ്റ്റ് കാരണമായിട്ടുണ്ട്.

അതേസമയം, മറ്റൊരു ആഗോള യുദ്ധമുഖത്ത് റഷ്യ യുക്രെയ്‌നെതിരെ ചരിത്രത്തിലെ ഏറ്റവും ശക്തമായ പ്രത്യാക്രമണം നടത്തി. നൂറുകണക്കിന് ഡ്രോണുകളും അത്യാധുനിക മിസൈലുകളും ഉപയോഗിച്ചാണ് യുക്രെയ്‌നിലെ വിവിധ നഗരങ്ങളിൽ റഷ്യ കനത്ത ബോംബാക്രമണം നടത്തിയത്. യുക്രെയ്നിലെ പ്രധാന നഗരങ്ങളായ ഒഡെസയിലും ഡിനിപ്രോയിലും രാത്രി മുഴുവൻ മിസൈൽ വർഷമുണ്ടായതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം റഷ്യൻ തലസ്ഥാനമായ മോസ്‌കോ മേഖലയിൽ യുക്രെയ്ന്‍ നടത്തിയ മാരകമായ ഡ്രോണാക്രമണത്തിന് തൊട്ടുപിന്നാലെയാണ് റഷ്യയുടെ ഈ വലിയ പ്രത്യാക്രമണം.