ഇറാൻ-അമേരിക്ക സാങ്കേതിക ചർച്ചകൾക്ക് ദോഹയിൽ തുടക്കമായി; നേരിട്ടുള്ള ചർച്ച ഇപ്പോഴില്ലെന്ന് ഖത്തർ
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ശ്രമങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായുള്ള സാങ്കേതിക ചർച്ചകൾക്ക് ദോഹയിൽ തുടക്കമായി. ഖത്തറിന്റെയും പാകിസ്താന്റെയും മധ്യസ്ഥതയിലാണ് പരോക്ഷമായ (Indirect) ചർച്ചകൾ പുരോഗമിക്കുന്നത്. ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ദോഹയിലുണ്ടെങ്കിലും അവർ തമ്മിൽ നിലവിൽ നേരിട്ടുള്ള ചർച്ചകൾ ആസൂത്രണം ചെയ്തിട്ടില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മധ്യസ്ഥർ വഴി മാത്രമാണ് ഇപ്പോൾ ആശയവിനിമയം നടക്കുന്നത്.
കഴിഞ്ഞ മാസം ഒപ്പുവെച്ച താൽക്കാലിക സമാധാന കരാറിന്റെ (MoU) അടിസ്ഥാനത്തിലാണ് ഈ അടിയന്തര നീക്കം. ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കൽ, അമേരിക്ക മരവിപ്പിച്ച ഇറാന്റെ ആറ് ബില്യൺ ഡോളറിന്റെ ഫണ്ട് കൈമാറൽ എന്നിവയാണ് പ്രധാന അജണ്ടകൾ. നിലവിൽ സാങ്കേതിക ചർച്ചകളിലെ പുരോഗതി വിലയിരുത്തിയ ശേഷമാകും ഭാവിയിൽ ഇരുപക്ഷവും നേരിട്ടുള്ള ചർച്ചകളിലേക്ക് കടക്കുക. അതേസമയം, മേഖലയിൽ സംഘർഷ സാധ്യതകൾക്ക് നേരിയ അയവ് വന്നതോടെ ഹോർമൂസ് കടലിടുക്കിൽ കപ്പൽ ഗതാഗതം വർദ്ധിച്ചിട്ടുണ്ട്. താൽക്കാലിക ധാരണകൾ കർശനമായി പാലിക്കാൻ അമേരിക്കയോടും ഇറാനോടും ചൈന ആവശ്യപ്പെട്ടു.
