കുവൈത്തിൽ നാളെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; താപനില ഗണ്യമായി കുറയും
കുവൈത്തിൽ നാളെ മുതൽ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടയ്ക്കിടെ മഴയും തെക്കുകിഴക്കൻ കാറ്റും ശക്തമാകാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആക്ടിംഗ് ഡയറക്ടർ ധരാർ അൽഅലി വ്യക്തമാക്കി.
വരുന്ന വെള്ളിയാഴ്ച വരെ രാജ്യത്ത് താപനില ഗണ്യമായി കുറയാനാണ് സാധ്യത. കാർഷിക മേഖലകളിലും മരുഭൂമി പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു. ഈ കാലയളവിൽ പകൽ താപനില 17 മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെയും രാത്രിയിൽ 4 മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെയും താഴാൻ സാധ്യതയുണ്ട്.
വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 15 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ രൂപപ്പെട്ടേക്കാം. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാരും കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
