ഇസ്‌റാഅ് മിഅ്‌റാജ്; കുവൈത്തിലും ഒമാനിലും പൊതു അവധി പ്രഖ്യാപിച്ചു; യുഎഇയിൽ പ്രവൃത്തിദിനമായിരിക്കും
ഇസ്‌റാഅ് മിഅ്‌റാജ് ദിനത്തോടനുബന്ധിച്ച് കുവൈത്തും ഒമാനും ജനുവരി 18-ന് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. കുവൈറ്റിൽ സർക്കാർ വകുപ്പ് ജീവനക്കാർക്കും ഒമാനിൽ പൊതുമേഖല-സ്വകാര്യ മേഖലകളിലെ തൊഴിലാളികൾക്കും അവധിയാകും.അതേസമയം, യുഎഇയിൽ ഈ ദിനത്തിൽ പ്രത്യേക അവധി ഉണ്ടായിരിക്കില്ല. 2019 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നയം പ്രകാരം ഇസ്‌റാഅ് വൽ മിഅ്റാജ് ദിനത്തിന് പ്രത്യേക അവധി ഒഴിവാക്കി, പകരം രണ്ട് പെരുന്നാൾ ആഘോഷങ്ങൾക്ക് കൂടുതൽ ദിവസത്തെ അവധി നൽകുന്ന രീതിയാണ് ഇപ്പോൾ യുഎഇ പിന്തുടരുന്നത്. അതിനാൽ യുഎഇയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ പതിവുപോലെ പ്രവർത്തിക്കും. ഹിജ്‌റ കലണ്ടറിലെ റജബ് മാസം 27-ാം രാവിലാണ് പ്രവാചകൻ മുഹമ്മദ് നബി മക്കയിലെ ഹറം പള്ളിയിൽ നിന്ന് ജറുസലേമിലെ അൽ അഖ്‌സ പള്ളിയിലേക്കും അവിടെ നിന്ന് ആകാശലോകങ്ങളിലേക്കും പ്രയാണം നടത്തിയതിന്റെ ഓർമ വിശ്വാസികൾ പുതുക്കുന്നത്
