ഇസ്രയേൽ ഇന്ന് പോളിങ് ബൂത്തിലേക്ക്; ബെഞ്ചമിൻ നെതന്യാഹുവിന് ശക്തമായ വെല്ലുവിളി ഉയർത്തി ഐസൻകോട്ട്

  1. Home
  2. International

ഇസ്രയേൽ ഇന്ന് പോളിങ് ബൂത്തിലേക്ക്; ബെഞ്ചമിൻ നെതന്യാഹുവിന് ശക്തമായ വെല്ലുവിളി ഉയർത്തി ഐസൻകോട്ട്

israel


ഇസ്രയേലിൽ നിർണ്ണായക പൊതു തെരഞ്ഞെടുപ്പ് ഇന്ന് നടക്കുന്നു. പ്രാദേശിക സമയം രാവിലെ ഏഴുമണി മുതൽ രാത്രി 10 മണി വരെയാണ് വോട്ടെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. വോട്ടെടുപ്പ് ദിനമായ ചൊവ്വാഴ്ച രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള 'ലികുഡ്' പാർട്ടിയും തീവ്ര വലതുപക്ഷ സഖ്യകക്ഷികളും കടുത്ത രാഷ്ട്രീയ മത്സരമാണ് നേരിടുന്നത്. മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ട് നയിക്കുന്ന 'യഷാർ' പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമാണ് നെതന്യാഹുവിന് പ്രധാന വെല്ലുവിളി ഉയർത്തുന്നത്.

പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ബെഞ്ചമിൻ നെതന്യാഹുവിന് ഈ തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയമായി അതീവ നിർണ്ണായകമാണ്. 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനും തുടർന്നുള്ള ഗാസാ യുദ്ധത്തിനും ശേഷമുള്ള ആദ്യ പൊതു തെരഞ്ഞെടുപ്പാണിത്.

ഇസ്രയേൽ പാർലമെന്റായ നെസ്സറ്റിലെ (Knesset) ആകെയുള്ള 120 സീറ്റുകളിൽ ഭൂരിപക്ഷം നേടാൻ 61 സീറ്റുകളാണ് ആവശ്യം. തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്ന അഭിപ്രായ സർവേകളിൽ മുൻ സൈനിക ജനറലായ ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കൂട്ടുകെട്ടിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും യാതൊരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.