ലബനനിൽ ഇസ്രായേൽ ആക്രമണം; നൂറിലധികം പേർ കൊല്ലപ്പെട്ടെന്ന് ആരോ​ഗ്യ മന്ത്രാലയം

  1. Home
  2. International

ലബനനിൽ ഇസ്രായേൽ ആക്രമണം; നൂറിലധികം പേർ കൊല്ലപ്പെട്ടെന്ന് ആരോ​ഗ്യ മന്ത്രാലയം

lebanon


ലബനനിൽ ഇസ്രായേൽ നടത്തിയ അതിശക്തമായ ബോംബാക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു. യുദ്ധം തുടങ്ങിയതിനുശേഷം രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും ഭീകരമായ ആക്രമണമാണിതെന്ന് ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെറും പത്ത് മിനിറ്റിനുള്ളിൽ നൂറോളം കേന്ദ്രങ്ങളിലാണ് ഇസ്രായേൽ ഒരേസമയം ബോംബുകൾ വർഷിച്ചത്. ബെയ്റൂട്ട്, തെക്കൻ ലബനൻ, കിഴക്കൻ ബെഖാ മേഖല എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങൾ തകർന്നടിഞ്ഞു.

യാതൊരു മുന്നറിയിപ്പും കൂടാതെ ജനത്തിരക്കുള്ള തെരുവുകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പരിക്കേറ്റവരെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞ അവസ്ഥയാണ്. അടിയന്തരമായി രക്തം ദാനം ചെയ്യാൻ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ വെടിനിർത്തൽ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ലബനനെ പിടിച്ചുകുലുക്കിയ ഈ ആക്രമണം നടന്നത്.

അതേസമയം, ഇറാനെതിരായ ആക്രമണങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. എന്നാൽ ഈ വെടിനിർത്തൽ കരാർ ലബനന് ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും വെടിനിർത്തൽ ഉണ്ടാകുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പ്രസ്താവിച്ച് മണിക്കൂറുകൾക്കുള്ളിലാണ് നെതന്യാഹുവിന്റെ ഈ വെല്ലുവിളി നിറഞ്ഞ പ്രസ്താവനയും തുടർന്നുണ്ടായ ആക്രമണവും.