ഇറാനിൽ സ്‌കൂളിന് നേരെ ഇസ്രായേൽ ആക്രമണം; 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു
അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം പശ്ചിമേഷ്യയെ ഒന്നാകെ യുദ്ധക്കളമാക്കി മാറ്റിയിരിക്കുകയാണ്. ശനിയാഴ്ച രാവിലെ നടന്ന ആക്രമണങ്ങൾക്ക് പിന്നാലെ ഇറാൻ തിരിച്ചടി നൽകിയതോടെ, അമേരിക്കയും ഇസ്രായേലും സംയുക്തമായി വീണ്ടും ശക്തമായ ആക്രമണം ആരംഭിച്ചു. തെക്കൻ ഇറാനിലെ ഹോർമുസ്ഗാൻ പ്രവിശ്യയിലുള്ള എലമെന്ററി പ്രൈമറി സ്കൂളിന് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരെല്ലാം കൊച്ചു പെൺകുട്ടികളാണെന്നും ഇറാൻ വിവരിച്ചു.
രാവിലെ നടന്ന ആക്രമണത്തിൽ ഇറാന്റെ രാഷ്ട്രീയ-ആത്മീയ നേതൃത്വങ്ങളെ ലക്ഷ്യമിട്ടതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഓഫീസ്, പ്രസിഡന്റ് മസൂദ് പെസഷ്കിയന്റെ വസതി എന്നിവയ്ക്ക് നേരെ ആക്രമണ ശ്രമങ്ങൾ നടന്നു. മുൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദിനെയും ഇസ്രായേൽ ലക്ഷ്യമിട്ടതായി വിവരമുണ്ട്. സിവിലിയൻ കേന്ദ്രങ്ങളെയും വിദ്യാലയങ്ങളെയും ലക്ഷ്യമിട്ടുള്ള ഈ ആക്രമണങ്ങൾ അങ്ങേയറ്റം ക്രൂരമാണെന്ന് ഇറാൻ ഭരണകൂടം പ്രതികരിച്ചു. യുദ്ധം ഒഴിവാക്കാൻ തങ്ങൾ പരമാവധി ശ്രമിച്ചുവെന്നും എന്നാൽ ശത്രുക്കൾക്ക് മുന്നിൽ തലകുനിക്കില്ലെന്നും പ്രത്യാക്രമണം അനിവാര്യമാണെന്നും ഇറാൻ വ്യക്തമാക്കി.
ഗൾഫ് മേഖലയിലുടനീളം യുദ്ധം വ്യാപിക്കുന്ന സാഹചര്യത്തിൽ അതീവ ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് നിലനിൽക്കുന്നത്. യുഎഇ, ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണങ്ങൾ തുടരുന്നത് പ്രവാസി സമൂഹത്തെയും വിമാന സർവീസുകളെയും വല്ലാതെ ബാധിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിൽ മേഖലയിൽ കൂടുതൽ രൂക്ഷമായ സൈനിക നീക്കങ്ങൾ ഉണ്ടാകുമെന്നാണ് സൂചനകൾ.
