ഹോട്ടലിൽ നിന്ന് ഹറം പള്ളിയിലേക്ക് ഇനി എളുപ്പം പോകാം; ഏകീകൃത പ്ലാറ്റ്‌ഫോം വഴി വാഹന ബുക്കിങ് സൗകര്യം

  1. Home
  2. International

ഹോട്ടലിൽ നിന്ന് ഹറം പള്ളിയിലേക്ക് ഇനി എളുപ്പം പോകാം; ഏകീകൃത പ്ലാറ്റ്‌ഫോം വഴി വാഹന ബുക്കിങ് സൗകര്യം

makkah


മക്കയിലെ താമസസ്ഥലങ്ങളിൽ നിന്ന് വിശുദ്ധ ഹറം പള്ളിയിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കാൻ പുതിയ സംവിധാനവുമായി ഇരു ഹറം കാര്യാലയം. ഉംറ തീർത്ഥാടകർക്കും സന്ദർശകർക്കുമായി ഏകീകൃത മൊബിലിറ്റി പ്ലാറ്റ്‌ഫോം വഴി വാഹനങ്ങൾ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രത്യേക ഗതാഗത കേന്ദ്രങ്ങളിലേക്ക് പോകാതെ തന്നെ തങ്ങൾ താമസിക്കുന്ന ഹോട്ടലുകളിൽ നിന്ന് നേരിട്ട് വാഹനത്തിൽ കയറി ഹറമിലേക്ക് പോകാൻ ഈ സേവനം സഹായിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.

പുതിയ പ്ലാറ്റ്‌ഫോം വഴി ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് വാഹനങ്ങൾക്കായി അപേക്ഷ സമർപ്പിക്കേണ്ടത്. ബുക്കിങ് പൂർത്തിയായാൽ അംഗീകൃത വാഹനം ഹോട്ടൽ കവാടത്തിൽ എത്തും. തീർത്ഥാടകരുടെ ആവശ്യാനുസരണം രണ്ട് തരത്തിലുള്ള സേവനങ്ങളാണ് ഇതിൽ ലഭ്യമാകുക. ഹോട്ടലിൽ നിന്ന് പള്ളിയിലേക്കുള്ള വൺ-വേ യാത്രയും, ഹോട്ടലിൽ നിന്ന് പള്ളിയിലേക്ക് പോയി കർമ്മങ്ങൾക്ക് ശേഷം തിരികെ എത്തിക്കുന്ന റൗണ്ട്-ട്രിപ്പ് സേവനവുമാണിവ. പൂർണ്ണ ഉംറ സേവന ഓപ്ഷൻ തിരഞ്ഞെടുക്കുന്നവർക്ക് ചടങ്ങുകളിൽ സഹായിക്കാനായി അംഗീകൃത എസ്‌കോർട്ട് സൗകര്യവും ലഭിക്കും.

തവാഫ് മാത്രം ചെയ്യാനോ അല്ലെങ്കിൽ തവാഫും സഅ്‌യും ഉൾപ്പെടുന്ന പൂർണ്ണ ഉംറ നിർവ്വഹിക്കാനോ ഉള്ള പ്രത്യേക പാക്കേജുകൾ ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്. ഹറം പള്ളിക്ക് സമീപമുള്ള ഹോട്ടലുകളിലും സ്ഥാപനങ്ങളിലുമാണ് നിലവിൽ ഈ സേവനം ലഭ്യമാകുക. തീർത്ഥാടകരുടെ തിരക്ക് കുറയ്ക്കാനും സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ഈ നീക്കം വരും ദിവസങ്ങളിൽ കൂടുതൽ പ്രവാസികൾക്കും സന്ദർശകർക്കും വലിയ ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്.