സൗദിയിൽ തണുപ്പ് കടുക്കുന്നു; വിവിധ പ്രവിശ്യകളിൽ മഞ്ഞുവീഴ്ചക്കും പൊടിക്കാറ്റിനും സാധ്യത

  1. Home
  2. International

സൗദിയിൽ തണുപ്പ് കടുക്കുന്നു; വിവിധ പ്രവിശ്യകളിൽ മഞ്ഞുവീഴ്ചക്കും പൊടിക്കാറ്റിനും സാധ്യത

saudi weather


സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശൈത്യം കടുക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ മഞ്ഞുവീഴ്ചയ്ക്കും ശക്തമായ പൊടിക്കാറ്റിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കൻ അതിർത്തികൾ, അൽ ജൗഫ്, ഹാഇൽ, തബൂക്ക്, മദീനയുടെ വടക്കൻ ഭാഗങ്ങൾ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ തണുപ്പ് അതിശക്തമാകാനാണ് സാധ്യത.

വടക്കൻ അതിർത്തി മേഖലയിലെ താരിഫിലാണ് കഴിഞ്ഞ ദിവസം രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ഇവിടെ താപനില പൂജ്യത്തിന് താഴെയെത്തി. തബൂക്കിൽ ഒരു ഡിഗ്രിയും അറാർ, ഖുറയ്യത്ത് എന്നിവിടങ്ങളിൽ രണ്ട് ഡിഗ്രിയും അൽ സൗദ, സകാക എന്നിവിടങ്ങളിൽ മൂന്ന് ഡിഗ്രിയും താപനില രേഖപ്പെടുത്തിയിട്ടുണ്ട്.

ജിസാൻ, അസീർ, അൽ ബാഹ, മക്ക, റിയാദ് എന്നീ പ്രവിശ്യകളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഇടക്കിടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു. വടക്കൻ അതിർത്തി മേഖലകൾ, അൽ ജൗഫ്, തബൂക്ക് എന്നിവിടങ്ങളിൽ രാത്രിയിലും പുലർച്ചെയും കടുത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ട്. തബൂക്ക്, മദീന, മക്ക, അൽ ബഹ, അസീർ എന്നിവയുടെ കിഴക്കൻ ഭാഗങ്ങളിൽ ശക്തമായ കാറ്റ് തുടരുമെന്നും റിയാദിന്റെയും കിഴക്കൻ പ്രവിശ്യയുടെയും തെക്കൻ ഭാഗങ്ങളിലും നജ്‌റാൻ മേഖലയിലും പൊടിക്കാറ്റ് ദൃശ്യപരതയെ ബാധിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. അതിനാൽ വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.