ബഹ്‌റൈനിൽ ചൂട് കടുക്കുന്നു; താപനില 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി
ബഹ്‌റൈനിൽ വേനൽചൂട് കടുക്കുന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് താപനില 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പകൽ സമയത്ത് കഠിനമായ ചൂട് അനുഭവപ്പെടുമെങ്കിലും രാത്രികാലങ്ങളിൽ അന്തരീക്ഷം താരതമ്യേന ശാന്തമായിരിക്കുമെന്നാണ് പ്രവചനം. രാത്രിയിൽ താപനില 24 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ട്.
കാറ്റിന്റെ വേഗത മണിക്കൂറിൽ 15 നോട്ട്സ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കടൽ നേരിയ തോതിൽ പ്രക്ഷുബ്ധമായേക്കാം. തിരമാലകൾ ഒന്ന് മുതൽ മൂന്ന് അടി വരെ ഉയരത്തിൽ വീശാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് 10 ശതമാനം മുതൽ 75 ശതമാനം വരെയായിരിക്കും അനുഭവപ്പെടുക.
പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ നേരിട്ട് വെയിലേൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. വരും ദിവസങ്ങളിലും ചൂട് സമാനമായ രീതിയിൽ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു.
