സൗദിയിൽ ചൂട് കനക്കുന്നു; വാഹനങ്ങൾക്കുള്ളിൽ തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ്
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വേനൽക്കാല താപനില അതിവേഗം ഉയരുന്ന പശ്ചാത്തലത്തിൽ വാഹന ഉടമകൾക്ക് അടിയന്തര സുരക്ഷാ മുന്നറിയിപ്പുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്. കടുത്ത ചൂടിൽ വാഹനങ്ങൾക്കുള്ളിൽ എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിക്കുന്നത് വൻ അഗ്നിബാധയ്ക്ക് കാരണമായേക്കാമെന്നും ഇത് ജീവനും സ്വത്തിനും കടുത്ത ഭീഷണിയാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
വാഹനങ്ങളിൽ ഒഴിവാക്കേണ്ട പ്രധാന വസ്തുക്കൾ:
- ലൈറ്ററുകൾ, ചെറിയ ഗ്യാസ് സിലിണ്ടറുകൾ/കാനിസ്റ്ററുകൾ
- പെർഫ്യൂമുകൾ, ലിക്വിഡ് ഹാൻഡ് സാനിറ്റൈസറുകൾ
- പോർട്ടബിൾ ചാർജറുകൾ (പവർ ബാങ്ക്), ഫോൺ ബാറ്ററികൾ തുടങ്ങിയ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ
ദീർഘനേരം നേരിട്ട് കടുത്ത ചൂടേൽക്കുന്നത് വഴി ഇവ പൊട്ടിത്തെറിക്കാനോ പെട്ടെന്ന് തീപിടിക്കാനോ സാധ്യതയുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിക്കണമെന്നും ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.
ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളോ അപകടങ്ങളോ ഉണ്ടായാൽ സഹായത്തിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
- മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ: 911
- രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങൾ: 998
