ആഗോള വിമാനത്താവള റാങ്കിങ്ങിൽ വൻ കുതിപ്പുമായി ജിദ്ദ; ലോകതലത്തിൽ മൂന്നാം സ്ഥാനം

  1. Home
  2. International

ആഗോള വിമാനത്താവള റാങ്കിങ്ങിൽ വൻ കുതിപ്പുമായി ജിദ്ദ; ലോകതലത്തിൽ മൂന്നാം സ്ഥാനം

riyadh airport


ആഗോള വിമാനത്താവളങ്ങളുടെ പട്ടികയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്‌ട്ര വിമാനത്താവളം. പ്രതിവർഷം 50 മുതൽ 60 ദശലക്ഷം വരെ യാത്രക്കാർക്ക് സേവനം നൽകുന്ന വലിയ വിമാനത്താവളങ്ങളുടെ വിഭാഗത്തിലാണ് ജിദ്ദ ലോകതലത്തിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. സ്കൈട്രാക്സിന്റെ 2026-ലെ റാങ്കിങ് പ്രകാരമാണ് ഈ നേട്ടം. ലണ്ടനിൽ നടന്ന പാസഞ്ചർ ടെർമിനൽ എക്‌സ്‌പോയിലാണ് പുതിയ റാങ്കിങ് പ്രഖ്യാപിച്ചത്.

ലോകത്തിലെ ഏറ്റവും വികസിതമായ വിമാനത്താവളങ്ങളിൽ അഞ്ചാം സ്ഥാനത്തും, ആഗോളതലത്തിലെ മികച്ച നൂറ് വിമാനത്താവളങ്ങളുടെ പട്ടികയിൽ 27-ാം സ്ഥാനത്തുമാണ് നിലവിൽ ജിദ്ദ വിമാനത്താവളം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17 സ്ഥാനങ്ങൾ മുന്നോട്ട് കയറിയാണ് ജിദ്ദ ഈ വലിയ മുന്നേറ്റം നടത്തിയത്. സേവനങ്ങളുടെ ഗുണനിലവാരം, യാത്രക്കാരുടെ അനുഭവം, പ്രവർത്തനക്ഷമത എന്നിവയിൽ വിമാനത്താവളം കൈവരിച്ച ദ്രുതഗതിയിലുള്ള പുരോഗതിയുടെ തെളിവാണ് ഈ അംഗീകാരം.

യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും പ്രവർത്തന മികവ് വർദ്ധിപ്പിക്കുന്നതിനുമായി ജിദ്ദ എയർപോർട്ട്സ് കമ്പനി നടത്തിവരുന്ന തുടർച്ചയായ ശ്രമങ്ങൾ ഈ നേട്ടത്തിന് പിന്നിലുണ്ട്. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തരമായ പ്രതിബദ്ധതയുടെ ഫലമാണ് ഈ പുരോഗതിയെന്ന് ജിദ്ദ വിമാനത്താവള കമ്പനി സി.ഇ.ഒ മാസിൻ ജൗഹർ പറഞ്ഞു. വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി യാത്രക്കാർക്ക് അസാധാരണമായ യാത്രാനുഭവം നൽകുന്നതിനും, പ്രാദേശിക-ആഗോള കേന്ദ്രമെന്ന നിലയിൽ വിമാനത്താവളത്തിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കമ്പനി തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.