മഹ്‌സയുടെ മരണം: ഇറാനിൽ പ്രക്ഷോഭം, പ്രതിഷേധിക്കുന്ന സ്ത്രീകൾക്ക് പിന്തുണ അറിയിച്ച് ബൈഡൻ

  1. Home
  2. International

മഹ്‌സയുടെ മരണം: ഇറാനിൽ പ്രക്ഷോഭം, പ്രതിഷേധിക്കുന്ന സ്ത്രീകൾക്ക് പിന്തുണ അറിയിച്ച് ബൈഡൻ

biden


ഇറാനിൽ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി (22) മരിച്ചതിൽ പ്രതിഷേധിക്കുന്ന സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. മഹ്സയുടെ മരണത്തെ തുടർന്ന് വൻ പ്രതിഷേധമാണ് ഇറാനിൽ നടക്കുന്നത്. സംഘർഷങ്ങളിൽ എട്ടു പേർ മരിച്ചു. 

ഐക്യരാഷ്ട്ര സംഘടനയിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റാസിയുടെ പ്രസംഗത്തിനു പിന്നാലെയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇറാനിലെ സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. അടിസ്ഥാന അവകാശങ്ങൾ നേടിയെടുക്കാൻ ഇറാനിൽ പ്രതിഷേധിക്കുന്ന ധീരന്മാരായ പൗരന്മാർക്കും സ്ത്രീകൾക്കുമൊപ്പം നിൽക്കുന്നുവെന്ന് യുഎൻ പൊതുസഭയിൽ ബൈഡൻ പറഞ്ഞു. 

ഹിജാബ് ധരിച്ചില്ലെന്നാരോപിച്ചു മതകാര്യ പൊലീസ് കഴിഞ്ഞ 13 നു കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി 3 ദിവസത്തിനുശേഷം ടെഹ്റാനിലെ ആശുപത്രിയിലാണു മരിച്ചത്. മഹ്സയുടെ ജന്മനാടായ സാഖെസ് നഗരത്തിലടക്കം ന്യൂനപക്ഷ കുർദ് മേഖലയിലെ 7 പ്രവിശ്യകളിൽ ദിവസങ്ങളായി വൻപ്രതിഷേധമാണ് നടക്കുന്നത്. ചില നഗരങ്ങളിൽ ഇന്റർനെറ്റ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ടെഹ്റാൻ സർവകലാശാലയിലെ വിദ്യാർഥികളും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഹിജാബ് വലിച്ചെറിയുകയും തീയിടുകയും മുടി മുറിക്കുകയും ചെയ്താണ് സ്ത്രീകൾ പ്രതിഷേധിക്കുന്നത്.