യുഎഇയിലേക്ക് മരുന്നുകൾ കൊണ്ടുപോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി ദുബായ് കസ്റ്റംസ്
യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ദുബായ് കസ്റ്റംസ്. താമസകാലയളവിൽ ആവശ്യമായ മരുന്നുകൾ മാത്രം കൈവശം കരുതണമെന്നും,സ്വന്തം ആവശ്യത്തിനാണെങ്കിലും വൻതോതിൽ മരുന്നുകൾ കൊണ്ടുവരുന്നത് വിമാനത്താവളങ്ങളിൽ പരിശോധനകൾക്കും തടസ്സങ്ങൾക്കും കാരണമായേക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
പ്രത്യേകിച്ച് ചില മരുന്നുകൾക്ക് യുഎഇയിൽ നിയന്ത്രണമുണ്ട്. ഇത്തരം മരുന്നുകൾ കൊണ്ടുവരുന്നവർ ഡോക്ടറുടെ സാധുവായ കുറിപ്പടിയോ മെഡിക്കൽ സർട്ടിഫിക്കറ്റോ കൈവശം കരുതണം. സ്വന്തം രാജ്യത്ത് കുറിപ്പടിയില്ലാതെ ലഭിക്കുന്ന മരുന്നുകൾ പോലും യുഎഇയിൽ നിയന്ത്രിത വിഭാഗത്തിൽ ഉൾപ്പെട്ടേക്കാം. അത് കൊണ്ട് യാത്ര പുറപ്പെടുന്നതിന് മുൻപ് യുഎഇ എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റിന്റെ നിയന്ത്രിത മരുന്നുകളുടെ പട്ടിക പരിശോധിക്കേണ്ടതുണ്ട്.
നിയന്ത്രിത മരുന്നുകൾ, പ്രത്യേക മെഡിക്കൽ ഉപകരണങ്ങൾ, കസ്റ്റംസ് നിബന്ധനകളിൽ പെടുന്ന മറ്റ് വസ്തുക്കൾ എന്നിവ കൊണ്ടുവരുമ്പോൾ കസ്റ്റംസിനെ അറിയിക്കേണ്ടതും നിർബന്ധമാണ്. ഇതിനായി ദുബായ് കസ്റ്റംസിന്റെ ‘ഐഡിക്ലെയർ’ (iDeclare) ആപ്പ് ഉപയോഗിക്കാം.മരുന്നുകൾ സംബന്ധിച്ച ചട്ടങ്ങൾ പാലിക്കാതിരുന്നാൽ പരിശോധനകൾക്ക് പുറമെ യാത്രാ തടസ്സം, പിഴ, മറ്റ് നിയമനടപടികൾ എന്നിവയും നേരിടേണ്ടിവന്നേക്കാം.
