കറാച്ചി വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികൾ നാട്ടിലേക്ക്; ചൊവ്വാഴ്ച കേരളത്തിലെത്തും

  1. Home
  2. International

കറാച്ചി വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികൾ നാട്ടിലേക്ക്; ചൊവ്വാഴ്ച കേരളത്തിലെത്തും

karachi


പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില്‍ കുടുങ്ങിയ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള എട്ട് ഇന്ത്യന്‍ പൗരന്മാര്‍ ചൊവ്വാഴ്ച നാട്ടിലെത്തും. അസര്‍ബൈജാനിലെ ബാക്കുവില്‍ നിന്നും ഷാര്‍ജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയര്‍ അറേബ്യ വിമാനം പശ്ചിമേഷ്യൻ സംഘര്‍ഷത്തെത്തുടര്‍ന്ന് പാത മാറ്റുകയും കറാച്ചിയില്‍ അടിയന്തരമായി ഇറക്കുകയുമായിരുന്നു. പാലക്കാട് കൊടുമ്പ് സ്വദേശി കൃഷ്ണ ദാസ് നാഗലൂര്‍, ഭാര്യ ഡോ. രശ്മി മേനോന്‍, മകള്‍ സ്മൃതി മേനോന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മലയാളികള്‍.

കറാച്ചിയില്‍ നിന്ന് ഇന്ന് ഉച്ചയോടെ കൊളംബോയിലെത്തിയ സംഘം രാത്രി 12.30-ന് ശ്രീലങ്കന്‍ എയര്‍വെയ്‌സ് വിമാനത്തില്‍ ഡല്‍ഹിയിലേക്ക് തിരിക്കും. അവിടെനിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ കൊച്ചിയിലെത്തുമെന്ന് നോര്‍ക്ക അറിയിച്ചു. കുവൈത്തില്‍ നിന്നുള്ള ലോക കേരള സഭാംഗം മണിക്കുട്ടന്‍ എടക്കാട്ട് വഴിയാണ് യാത്രക്കാര്‍ നോര്‍ക്കയെ ബന്ധപ്പെട്ടത്. തുടര്‍ന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് നോര്‍ക്ക റൂട്ട്‌സ് ഇവരെ സുരക്ഷിതമായി എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.