ഖരീഫ് സീസൺ: സലാലയിൽ സുരക്ഷ ശക്തമാക്കി സിവിൽ ഡിഫൻസ്; പ്രത്യേക സംഘത്തെ നിയോഗിച്ചു

  1. Home
  2. International

ഖരീഫ് സീസൺ: സലാലയിൽ സുരക്ഷ ശക്തമാക്കി സിവിൽ ഡിഫൻസ്; പ്രത്യേക സംഘത്തെ നിയോഗിച്ചു

rop


ഒമാനിലെ പ്രശസ്തമായ ഖരീഫ് സീസണിൽ സലാലയിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുമായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) പ്രത്യേക സപ്പോർട്ട് ഫോഴ്‌സിനെ നിയോഗിച്ചു. മസ്‌കത്തിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ആദ്യ സുരക്ഷാ സംഘം സലാലയിലേക്ക് തിരിച്ചു.

ദോഫാറിലേക്കുള്ള പ്രധാന പാതകളിൽ അപകടങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ അത്യാധുനിക എമർജൻസി പോയിന്റുകൾ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. ഇത്തവണ കൂടുതൽ സ്ഥലങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സൗത്ത് ശർഖിയ ഗവർണറേറ്റിലെ അൽ അഷ്ഖറ, അൽ വുസ്തയിലെ അൽ ജാസിർ, ദോഫാറിലെ ഷഹാബ് അസൈബ്, ഹാരിത് മേഖലകളിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് അതോറിറ്റി ഏർപ്പെടുത്തിയിരിക്കുന്നത്.

സഞ്ചാരികൾക്കായുള്ള പ്രധാന സുരക്ഷാ നിർദ്ദേശങ്ങൾ:

  • യാത്ര പുറപ്പെടുന്നതിന് മുൻപ് വാഹനങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പാക്കണം.
  • ഫസ്റ്റ് എയ്ഡ് കിറ്റും അഗ്നിശമന ഉപകരണവും വാഹനത്തിൽ കരുതുകയും വേഗപരിധി പാലിക്കുകയും വേണം.
  • അംഗീകൃതമല്ലാത്ത വെള്ളച്ചാട്ടങ്ങൾ, നീരുറവകൾ, കുളങ്ങൾ, കടൽത്തീരങ്ങൾ എന്നിവിടങ്ങളിൽ നീന്താൻ ഇറങ്ങരുത്.
  • ടൂറിസം സ്ഥാപനങ്ങളും ഹോട്ടലുകളും ഫയർ പ്രൊട്ടക്ഷൻ സംവിധാനങ്ങൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.

സലാലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ, പ്രധാന പാതകളായ സുൽത്താൻ ഖാബൂസ് സ്ട്രീറ്റ്, മഅ്മൂറ - റസാത്ത് ലിങ്ക് റോഡ് എന്നിവയുടെ നവീകരണം പൂർത്തിയായ ഭാഗങ്ങൾ ഗതാഗതത്തിനായി ഭാഗികമായി തുറന്നുനൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.