ഖരീഫ് സീസൺ: യുവാക്കൾക്ക് താൽക്കാലിക തൊഴിലവസരങ്ങളുമായി ഒമാൻ; ഒരുക്കങ്ങൾ പൂർത്തിയായി
വരാനിരിക്കുന്ന ഖരീഫ് സീസണിനായുള്ള എല്ലാവിധ തയാറെടുപ്പുകളും പൂർത്തിയായതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി തൊഴിലുടമകൾക്കും ഒമാനി സംരംഭകർക്കുമായി നിരവധി ഇളവുകളും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ തൊഴിലാളികൾക്ക് താൽക്കാലിക തൊഴിൽ അനുമതി (Temporary Work Permit) നൽകുക, വിവിധ സ്ഥാപനങ്ങൾക്കിടയിൽ വിദേശ തൊഴിലാളികളെ താൽക്കാലികമായി പരസ്പരം മാറ്റാൻ അനുമതി നൽകുക തുടങ്ങിയ പ്രവാസി സൗഹൃദ നടപടികൾ ഇതിൽ ഉൾപ്പെടുന്നു.
സീസണിൽ സേവന ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ ബിസിനസ് സ്ഥാപനങ്ങൾക്ക് ആവശ്യമായ തൊഴിലാളി പിന്തുണ ഉറപ്പാക്കാനും, ലൈസൻസില്ലാത്ത തൊഴിലാളികളെ നിയമിക്കുന്നത് വഴിയുണ്ടാകുന്ന നിയമലംഘനങ്ങൾ കുറയ്ക്കാനും പുതിയ നടപടികളിലൂടെ സാധിക്കുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. വിവിധ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച്, ഖരീഫ് സീസണുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ ഒമാനി യുവാക്കൾക്കായി താൽക്കാലിക തൊഴിലവസരങ്ങൾ ക്രമീകരിച്ചു വരികയാണെന്ന് ദോഫാർ ഗവർണറേറ്റിലെ തൊഴിൽ ഡയറക്ടർ ജനറൽ നാസർ സലീം അൽ ഹദ്റാമി പറഞ്ഞു. ഇതിലൂടെ ലഭ്യമായ സാമ്പത്തിക അവസരങ്ങൾ പ്രയോജനപ്പെടുത്താനും മികച്ച തൊഴിൽ പരിചയം നേടാനും സ്വദേശി യുവാക്കൾക്ക് സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തൊഴിൽ വിപണി കൃത്യമായി ക്രമീകരിക്കുക, ഒമാനി യുവാക്കൾക്ക് താൽക്കാലിക തൊഴിലവസരങ്ങൾ വർധിപ്പിക്കുക, സീസണിനോടനുബന്ധിച്ച് ദോഫാർ ഗവർണറേറ്റിൽ വർധിച്ചുവരുന്ന സാമ്പത്തിക-ടൂറിസം പ്രവർത്തനങ്ങൾക്ക് അനുസൃതമായി സുരക്ഷിതവും സ്ഥിരതയുള്ളതുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മന്ത്രാലയം ഈ പദ്ധതികൾ നടപ്പാക്കുന്നത്.
