ഗസ്സയിൽ ഭക്ഷ്യസഹായ വിതരണം ഊർജ്ജിതമാക്കി കിങ് സൽമാൻ റിലീഫ് സെന്റർ
യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയ്ക്ക് ആശ്വാസമേകാൻ സൗദി അറേബ്യ നടത്തിവരുന്ന കാമ്പയിന്റെ ഭാഗമായി ഗസ്സയിലെ ഭക്ഷ്യവിതരണം കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ്. റിലീഫ്) വിപുലമാക്കി. കടുത്ത പ്രതിസന്ധി നേരിടുന്ന മധ്യ ഗസ്സയിലെയും തെക്കൻ ഗസ്സയിലെയും ജനങ്ങളെ ലക്ഷ്യമിട്ടാണ് നിലവിൽ സഹായങ്ങൾ എത്തിക്കുന്നത്. ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ട പ്രദേശങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ സൗദി ലക്ഷ്യമിടുന്നത്.
കേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ കിച്ചൻ വഴി പ്രതിദിനം 25,000 ചൂടുള്ള ഭക്ഷണപ്പൊതികളാണ് ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കായി വിതരണം ചെയ്യുന്നത്. ഇതിനുപുറമേ, മധ്യ ഗസ്സയിലെ ദൈർ അൽ ബലാ നഗരത്തിൽ വിതരണം ചെയ്ത 544 ഭക്ഷ്യധാന്യ കിറ്റുകൾ വഴി 3,200-ഓളം ആളുകൾക്ക് നേരിട്ട് സഹായം ലഭ്യമായി.
പ്രതിസന്ധി ഘട്ടത്തിൽ തങ്ങളെ ചേർത്തുപിടിച്ച സൗദി ഭരണാധികാരികൾക്കും ജനങ്ങൾക്കും ഫലസ്തീൻ ജനത കൃതജ്ഞത അറിയിച്ചു. ഫലസ്തീൻ സഹോദരങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എത്തിക്കുന്നതിൽ സൗദി അറേബ്യ പുലർത്തുന്ന മാനുഷിക പ്രതിബദ്ധതയുടെ തെളിവാണ് ഈ പ്രവർത്തനം.
