അറിയാം യുഎഇ 'ഈവന്റ്സ് സന്ദർശക വിസയെക്കുറിച്ച്
സമ്മേളനങ്ങൾക്കും പ്രദർശനങ്ങൾക്കും കായിക, സാംസ്‌കാരിക പരിപാടികൾക്കുമായി യുഎഇയിലെത്തുന്നവർക്ക് പുതിയ അവസരം. ഇവന്റ് വിസയുടെ വിശദാംശങ്ങൾ പങ്കുവെച്ച് ദുബൈ ജിഡിആർഎഫ്എ.
30 അല്ലെങ്കിൽ 60 ദിവസത്തെ താമസത്തിനാണ് വിസ അനുവദിക്കുന്നത്. സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി സൗകര്യങ്ങളും ലഭ്യമാണ്. അനുമതിയോടെ വിസ കാലാവധി നീട്ടിയാൽ പരമാവധി 120 ദിവസം വരെ യുഎഇയിൽ തുടരാം.
സർക്കാർ സ്ഥാപനങ്ങളും അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നവർക്കാണ് വിസ ലഭിക്കുക. സമ്മേളന പ്രതിനിധികൾ, പ്രഭാഷകർ, പ്രദർശകർ, ക്ഷണിതാക്കൾ എന്നിവർക്ക് സംഘാടകർ മുഖേന അപേക്ഷിക്കാം.
വെള്ള പശ്ചാത്തലത്തിലുള്ള ഫോട്ടോ, പാസ്പോർട്ടിന്റെയോ യാത്രാരേഖയുടെയോ പകർപ്പ്, ആതിഥേയ സ്ഥാപനത്തിന്റെ കത്ത് എന്നിവയാണ് പ്രധാന രേഖകൾ. പങ്കെടുക്കുന്ന പരിപാടിയുടെ വിവരങ്ങളും ദൈർഘ്യവും കത്തിൽ വ്യക്തമാക്കണം.
'യുവർ വേ ടു ദുബൈ' എന്ന പരമ്പരയിലൂടെയാണ് ജിഡിആർഎഫ്എ വിസയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടത്.
