കുവൈത്ത് എയർവേയ്സ് സർവീസുകൾ പുനരാരംഭിക്കുന്നു; കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ 17 ഇടങ്ങളിലേക്ക് പറക്കും

  1. Home
  2. International

കുവൈത്ത് എയർവേയ്സ് സർവീസുകൾ പുനരാരംഭിക്കുന്നു; കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ 17 ഇടങ്ങളിലേക്ക് പറക്കും

kuwait


താൽക്കാലികമായി നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ ഞായറാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് കുവൈത്ത് എയർവേയ്സ് ആക്ടിംഗ് സിഇഒ അബ്ദുൽവഹാബ് അൽ ഷാത്തി അറിയിച്ചു. കേരളത്തിലെ കൊച്ചി, തിരുവനന്തപുരം എന്നിവയുൾപ്പെടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും ലണ്ടൻ, ഇസ്താംബൂൾ തുടങ്ങിയ 17 ലക്ഷ്യസ്ഥാനങ്ങളിലേക്കുമാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 (T4) കേന്ദ്രീകരിച്ചായിരിക്കും സർവീസുകൾ നടക്കുക.

പ്രാദേശിക സംഭവവികാസങ്ങളെത്തുടർന്ന് ഫെബ്രുവരി 28 മുതൽ നിർത്തിവെച്ചിരുന്ന സർവീസുകളാണ് ഇപ്പോൾ പുനഃസ്ഥാപിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, ചെന്നൈ, ഡൽഹി, മുംബൈ, ലണ്ടൻ, മനില, റിയാദ് എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതം ഉണ്ടാകും. കെയ്‌റോയിലേക്ക് ദിവസേന ഓരോ വിമാനങ്ങൾ സർവീസ് നടത്തും. ജിദ്ദ, ധാക്ക എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ നാല് സർവീസുകൾ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്.

ബെയ്‌റൂത്ത്, ഡമാസ്‌കസ്, ലാഹോർ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ രണ്ട് സർവീസുകൾ വീതവും, ഇസ്താംബൂൾ, ഗ്വാങ്‌ഷൂ, കൊളംബോ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ ഒരു സർവീസുമാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ടെർമിനലിൽ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും സേവനങ്ങളും കുവൈത്ത് എയർവേയ്സ് ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വലിയ ആശ്വാസമാകും.