കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് കുവൈത്ത് എയർവേയ്‌സ് സർവീസുകൾ വർദ്ധിപ്പിക്കുന്നു

  1. Home
  2. International

കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് കുവൈത്ത് എയർവേയ്‌സ് സർവീസുകൾ വർദ്ധിപ്പിക്കുന്നു

kuwait


മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വലിയ ആശ്വാസമേകി സർവീസുകൾ വൻതോതിൽ പുനരാരംഭിക്കാനൊരുങ്ങി കുവൈത്ത് എയർവേയ്‌സ്. വരും മാസമായ ജൂണിൽ ലോകമെമ്പാടുമുള്ള 58 സെക്ടറുകളിലേക്ക് ആഴ്ചയിൽ ഏകദേശം 728 വിമാന സർവീസുകൾ നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ ലോകത്തിലെ 45 പ്രധാന നഗരങ്ങളിലേക്ക് ആഴ്ചയിൽ 420 സർവീസുകളാണ് കുവൈത്ത് എയർവേയ്‌സ് നടത്തിവരുന്നത്.

കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളായ കൊച്ചി, തിരുവനന്തപുരം എന്നിവയ്ക്ക് പുറമെ ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും അടുത്ത മാസം മുതൽ വിമാന സർവീസുകൾ ലഭ്യമാകും. ഇന്ത്യയ്ക്ക് പുറമെ യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ പ്രമുഖ നഗരങ്ങളിലേക്കും ജൂൺ മുതൽ കമ്പനി സർവീസ് വ്യാപിപ്പിക്കും.

ടിക്കറ്റ് തുക റീഫണ്ട് നടപടികൾ വേഗത്തിലാക്കും

കഴിഞ്ഞ ഫെബ്രുവരി മാസം മുതൽ വിവിധ കാരണങ്ങളാൽ ഏകദേശം അഞ്ച് ലക്ഷത്തോളം ടിക്കറ്റുകൾ റദ്ദാക്കേണ്ടി വന്നിട്ടുണ്ടെന്ന് കുവൈത്ത് എയർവേയ്‌സ് അധികൃതർ വ്യക്തമാക്കി. ഇതിൽ 55 ശതമാനം തുകയും യാത്രക്കാർക്ക് ഇതിനകം തന്നെ തിരിച്ചുനൽകിയിട്ടുണ്ട്. ശേഷിക്കുന്ന 45 ശതമാനം തുക അടുത്ത ഘട്ടമായി ഉടൻ തന്നെ റീഫണ്ട് ചെയ്യുമെന്നും കമ്പനി അറിയിച്ചു.

ആഗോളതലത്തിൽ വിമാന ഇന്ധനവിലയിൽ (Aviation Fuel) 120 ശതമാനത്തിലധികം വർദ്ധനവുണ്ടായതും ഇൻഷുറൻസ് ചെലവുകൾ ഉയർന്നതും ടിക്കറ്റ് നിരക്കുകളെ ബാധിച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ റീഫണ്ട് അപേക്ഷകൾ, റിസർവേഷൻ മാറ്റങ്ങൾ, കസ്റ്റമർ സർവീസ് ആവശ്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ ജീവനക്കാർക്ക് വലിയ സമ്മർദ്ദം നേരിടേണ്ടി വന്നിട്ടുണ്ടെന്നും എയർലൈൻ മാനേജ്‌മെന്റ് കൂട്ടിച്ചേർത്തു.