കുവൈത്തിൽ ഇറാനിയൻ സ്കൂളിന്റെ ലൈസൻസ് റദ്ദാക്കി; അടച്ചുപൂട്ടാൻ ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രാലയം
കുവൈത്തിലെ ഇറാനിയൻ സ്വകാര്യ സ്കൂളിന്റെ ലൈസൻസ് റദ്ദാക്കി സ്കൂൾ അടച്ചുപൂട്ടാൻ വിദ്യാഭ്യാസ മന്ത്രി ഡോ. ജലാൽ അൽ-തബ്തബാഇ ഉത്തരവിട്ടു. തിങ്കളാഴ്ച മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നതായി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
പുതിയ തീരുമാനം അനുസരിച്ച് 2026–2027 അധ്യയന വർഷത്തിൽ സ്കൂളിൽ പുതിയ വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ പാടില്ല. നിലവിൽ പഠിക്കുന്ന കുട്ടികൾക്ക് ഈ അക്കാദമിക വർഷം പൂർത്തിയാക്കാൻ അനുമതിയുണ്ട്. വിദ്യാർഥികളെ മറ്റ് സ്വകാര്യ സ്കൂളുകളിലേക്ക് മാറ്റാൻ രക്ഷിതാക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു. കുട്ടികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ മറ്റ് സ്കൂളുകളിലേക്ക് മാറ്റാനുള്ള മുഴുവൻ നടപടികളും മന്ത്രാലയം നേരിട്ട് സ്വീകരിക്കും.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ചട്ടങ്ങളും ജനറൽ ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ടുകളും മുൻനിർത്തി പൊതുതാൽപ്പര്യം മുൻനിർത്തിയാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. ലൈസൻസ് റദ്ദാക്കിയതിന്റെ വ്യക്തമായ കാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, മേഖലയിലെ നിലവിലെ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
